
FORMER GENERAL SECRETARY
ഹയർ സെക്കന്ററിയുടെ രണ്ടാംഘട്ടം ആരംഭിക്കുന്നത് 1997 ലാണ്. ശ്രീ. ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാരിലെ വിദ്യാഭ്യാസമന്ത്രിയായ ശ്രീ. പി. ജെ.ജോസഫാണ് പ്രീഡിഗ്രി പൂർണ്ണമായും കോളേജുകളിൽ നിന്നും വേർപെടുത്തി പ്ലസ് ടുവാക്കാനുള്ള ചരിത്രപരമായ തീരുമാനം എടുത്തത്. 1990 ആഗസ്റ്റ് മുതൽ 1997 ജൂൺ വരെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ വളരെ ചെറിയ വിഭാഗമായും പരീക്ഷണമേ ഖലയായും നിലനിന്ന പ്ലസ് ടു മേഖലയ്ക്ക് ശാപമോക്ഷം കിട്ടിയ വർഷമാണ് 1997. 1992 ൽ അനുവദിപ്പിച്ച ഗസറ്റഡ് സ്കെയിൽ നിഷേ ധിക്കുവാനും എണ്ണത്തിൽ കുറവായ സർക്കാർ പ്ലസ് ടു അധ്യാപകരെ സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി പാർടൈം എന്നും ഫുൾ ടൈം എന്നും വിഭജിക്കാനുള്ള ഉദ്യോഗസ്ഥ ദുഷ്പഭുത്വത്തിനെതിരെ HSSTA പോരാടി വിജയിച്ചതും 1997-ൽ തന്നെ. യാതൊരു വികസനവുമില്ലാതെ അനിശ്ചിതത്വത്തിലും അവഗണനയിലും കഴിഞ്ഞ പ്ലസ് ടു മേഖലയിൽ നവോന്മേഷം നൽകിയത് ഇടതുമുന്നണി സർക്കാരിന്റെ നയസമീപനമാണെന്ന കാര്യം പ്രസ്താവ്യമാണ്. സർക്കാർ മേഖലയിൽ മാത്രം 102 പ്ലസ് ടു സ്കൂളുകൾ അനുവദിച്ചു. അന്നത്തെ ഡയറക്ടർ ശ്രീ. വാര്യർ സാറിന്റെയും ജെ. ഡി.പ്രൊഫ. സദാശിവൻ നായരുടെയും (അവർ രണ്ടുപേരും പ്ലസ് ടു മേഖലയിൽ ഡെപ്യൂട്ടേഷനിൽ പുതുതായി നിയമിക്കപ്പെട്ടവരായതു കൊണ്ട് പ്രത്യേകിച്ചും ഒപ്പം നിന്നുകൊണ്ട് HSSTA യ്ക്ക് 15-07-1997-ൽ 1276 ഫുൾടൈം പ്ലസ് ടു പോസ്റ്റുകൾ (സർക്കാർ) സൃഷ്ടിക്കുവാൻ കഴിഞ്ഞത് സംഘടനയുടെ ഏറ്റവും മഹത്തായ നേട്ടം തന്നെ.
പാർടൈം പ്രശ്നം പരോക്ഷമായി അവസാനിക്കുകയും ട്രാൻസ്ഫറിനുള്ള സാധ്യതകൾ വിശാലമാവുകയും ചെയ്തു. സംഘടനയുടെ അംഗബലവും വിലപേശൽ ശക്തിയും വർദ്ധിച്ചു. 1990 മുതൽ 1997 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലെ സർക്കാർ ഹയർ സെക്കന്ററി മേഖലയിൽ HSSTA യിൽ അംഗത്വമെടുക്കാതെ മാറിനിന്നവർ രണ്ടുപേർ (അവർ രണ്ടുപേരും RDD മാരായി റിട്ടയർ ചെയ്തു) മാത്രമായിരുന്നു. അവർ രാഷ്ട്രീയ പ്രാദേശിക കാര്യങ്ങളാൽ അംഗത്വമെടുത്തില്ലെങ്കിലും മനസ്സു കൊണ്ട് HSSTA യുടെ ഒപ്പം നിന്നു. ഹയർ സെക്കന്ററിയ്ക്കുവേണ്ടി ഹയർ സെക്കന്ററി അധ്യാപകരാൽ നയിക്കപ്പെടുന്ന HSSTA യ്ക്ക് മാത്രമേ ഹയർ സെക്കന്ററിയുടെ പ്രശ്നങ്ങൾ ഫലപ്രദമായും പ്രായോഗികമായും അവതരിപ്പിക്കുവാനും പരിഹരിക്കുവാനും കഴിയുകയുള്ള എന്ന ഉറച്ച വിശ്വാസത്താലും അനുഭവങ്ങളുടെ വെളിച്ചത്തിലുമാണ് കക്ഷി രാഷ്ട്രീയ താല്പര്യങ്ങൾ മറന്ന് എല്ലാവരും HSSTA യുടെ പിന്നിൽ അണിചേർന്നത്. ഹയർ സെക്കന്ററിയുടെ ഒന്നാം ഘട്ടത്തിൽ ഒരിക്കൽ പോലും ഒരു ഔദ്യോഗിക ചർച്ചയ്ക്കും സ്കൂൾ സംഘടനകളെ വിളിച്ചിട്ടില്ല. ഹയർ സെക്കന്ററി വിഷയങ്ങളിൽ ഇടപെടുവാനോ നിവേദനം നൽകുവാനോ സ്കൂൾ സംഘടനകൾക്ക് ഒരു താല്പര്യവുമില്ലായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം പ്ലസ് ടു കോഴ്സ് ഹൈസ്കൂളിൽ അജാഗളസ്തനം പോലെയും പരീക്ഷണത്തിനൊടുവിൽ ഭാവിയില്ലാതെ സ്വാഭാവിക മരണം സിദ്ധിക്കുകയും ചെയ്യുന്ന ഒരു താത്കാലിക സംവിധാനം മാത്രമായിരുന്നു.
നിലനിൽപ്പിനും അതിജീവനത്തിനുംവേണ്ടി മരണ പോരാട്ടം നടത്തുന്നവരുടെ കൂട്ടായ്മയും ഐക്യശക്തിയുമായി ഒരു സംഘടന ആവശ്യമായിരുന്നു. അതാണ് HSSTA. 1991 ൽ അന്നത്തെ മുഖ്യമന്ത്രി HSSTA യുടെ അംഗീകാരത്തിന് അനുകൂലമായിരുന്നെങ്കിലും വിദ്യാഭ്യാസ സെക്രട്ടറി ചട്ടങ്ങളുടേയും സാങ്കേതിക കാരണങ്ങളുടേയും പേരിൽ അംഗീകാര ഫയൽ മടക്കി. 1990, 91ലെ അധ്യാപകരിൽ രണ്ടുപേരൊഴികെ മുഴുവൻ പേരും അംഗത്വമെടുത്ത ഏക സംഘടനയ്ക്ക് അംഗീകാരം നിഷേധിച്ചത് റഗുലറൈസേഷന്റെയും സ്പെഷ്യൽ റൂൾസിന്റെയും പേരിലായിരുന്നു. ഹൈസ്കൂളുകളിൽ ട്രാൻസ്ഫർ അപ്പോയിന്റ്മെന്റ് വഴി വന്ന പ്ലസ് ടു അധ്യാപകരുടെ ലീൻ ഹൈസ്കൂളിൽ തന്നെയാണെന്നും സ്പെഷ്യൽ റൂൾസിനു ശേഷം ഹയർ സെക്കന്ററിയിൽ സ്ഥിരനിയമനം ലഭിക്കുമ്പോൾ വീണ്ടും അപേക്ഷിക്കുക എന്ന നോട്ടെഴുതിയാണ് സെക്രട്ടറി ഫയൽ മടക്കിയത്. 1992-93-ൽ പ്രത്യേക സ്കെയിൽ അനുവദിച്ചതിനുശേഷം അംഗീകാരത്തിന് അപേക്ഷിച്ചെങ്കിലും ആദ്യം പറഞ്ഞ കാരണങ്ങൾ പറഞ്ഞു കൊണ്ട് തന്നെ അംഗീകാരം നിഷേധിച്ചു. അധ്യാപകരുടെയും ഭരണാധികാരികളുടേയും അംഗീകാരം ആവശ്യത്തിലധികം ഉണ്ടായിരുന്നതുകൊണ്ട് HSSTA യുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും തന്നെയാണ് ഹയർ സെക്കന്ററിയെ സംബന്ധിച്ച തീരുമാനങ്ങളും ഉത്തരവുകളുമായി പുറത്തുവന്നത്. ഡയറക്ടറേറ്റിലോ സെക്രട്ടറിയേറ്റിലോ മന്ത്രിമാരുടെ ആഫീസുകളിലോ HSSTA യ്ക്കുള്ള സ്വാധീനവും സ്വാതന്ത്ര്യവും അനിഷേധ്യമായിരുന്നു.
15-7-1997ൽ 1276 ഫുൾടൈം പോസ്റ്റുകൾ അനുവദിച്ചെങ്കിലും 1992 ൽ ശക്തമായ പോരാട്ടം നടത്തി നേടിയെടുത്ത 2060-3200 സ്കെയിൽ എല്ലാവർക്കും അനുവദിക്കുന്നതിൽ ധനകാര്യവകുപ്പിന്റെ എതിർപ്പുണ്ടായി. 25-2-1997 ലെ ഉത്തരവനുസരിച്ച് സർക്കാർ പ്ലസ് ടു അധ്യാപകന് അർഹത ലഭിച്ച ഗസറ്റഡ് പദവി നിഷേധിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് സ്കെയിൽ നടപ്പാക്കുന്നതിന് തടസ്സങ്ങൾ സൃഷ്ടിച്ചത്. ഹൈസ്കൂൾ സംഘടനകളുടേയും ചില അധികാരകേന്ദ്രങ്ങളുടേയും കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായുണ്ടായ വെല്ലുവിളികളെ ചെറുത്തു തോൽപ്പിക്കുവാൻ HSSTA രംഗത്തിറങ്ങി. 14 ജില്ലകളിലും സമരപ്രഖ്യാപന കൺവൻഷനുകൾ നടത്തി. പ്രത്യക്ഷ സമരപരിപാടികൾക്ക് സർക്കാരിന് നോട്ടീസ് നൽകി. ഇതിനിടയിൽ 1276 ഫുൾടൈം പോസ്റ്റുകൾക്കും 2060-3200 സ്കെയിൽ അനുവദിക്കുന്നതിനെതിരെ അന്നത്തെ ധനകാര്യവകുപ്പ് മന്ത്രിയുടെ ഉത്തരവ് മറികടക്കാൻ വേണ്ടി HSSTA വിദ്യാഭ്യാസമന്ത്രിയെ രംഗത്തിറക്കി തടസ്സഫയൽ നേരിട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ച് അനുമതി വാങ്ങിയതും ക്യാബിനറ്റിൽ തടസ്സങ്ങൾ അനുകൂലമാക്കാൻ നടത്തിയ ശ്രമങ്ങളും ഓർമ്മിക്കാതെ വയ്യ.
14-12-1997 ന് സർക്കാർ പ്ലസ് ടു അധ്യാപകർ ഒറ്റക്കെട്ടായി തിരുവനന്തപുരത്ത് നടത്തിയ പ്രകടനവും സെക്രട്ടറിയേറ്റ് ധർണ്ണയും അവിസ്മരണീയമാണ്. 2060 – 3200 രൂപയുടെ ശമ്പളസ്കെയിൽ അനുവദിക്കുക, സർക്കാർ പ്ലസ് ടു അധ്യാപകർക്ക് ഗസറ്റഡ് പദവി നൽകി പേസ്ലിപ്പ് സമ്പ്രദായം ഏർപ്പെടുത്തുക; പ്ലസ് ടു വിദ്യാർത്ഥികൾക്ക് പ്രത്യേക കലാ-കായിക മത്സരങ്ങൾ അനുവദിക്കുക എന്നീ മൂന്ന് ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിയ പ്രത്യക്ഷ സമരപരിപാടികൾ സംഘടനാ ചരിത്രത്തിലേയും ഹയർ സെക്കന്ററി ചരിത്രത്തിലേയും തിളക്കമാർന്ന അദ്ധ്യായമാണ്. 4-12-1997 വൈകിട്ട് സംഘടനയുമായി നടന്ന ചർച്ചയിൽ സർക്കാർ അനുകൂല നടപടികൾ ഉടനുണ്ടാകുമെന്ന് ഉറപ്പ് നൽകി. 9-12-1997 ന് തന്നെ കേരളത്തിലെ പ്ലസ് ടു വിദ്യാർത്ഥികൾക്ക് പ്രത്യേകമായ കലാ-കായിക മത്സരങ്ങൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കി. 1990 മുതൽ 1996 വരെ ഹയർ സെക്കന്ററി കുട്ടികൾക്ക് കലാ-കായിക മത്സരങ്ങൾ ഉണ്ടായിരുന്നില്ല. യുവജനോത്സവവും കായികമേളയും പത്താം ക്ലാസ്സ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളു. പ്ലസ് ടു അധ്യാപകന്റേയും വിദ്യാർത്ഥിയുടേയും ഐഡന്റിറ്റി നിലനിർത്തുന്നതിനും ഡയറക്ടറേറ്റ് പ്രത്യേക ഡിപ്പാർട്ടുമെന്റായി വികസിപ്പിക്കുന്നതിനും സംഘടന നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമങ്ങളുടെ അംഗീകാരമായി ആദ്യത്തെ യുവജനോത്സവവും കായികമേളയും തിരുവനന്തപുരത്ത് നടത്തി. നടത്തിപ്പിന്റെ ചുമതലകൾ HSSTA തന്നെയാണ് GSTU, KSTA തുടങ്ങിയ സംഘടനകളുമായി ഷെയർ ചെയ്തത്. രണ്ടാം യുവജനോത്സവം തൃശൂരും കായികമേള തിരുവനന്തപുരത്തും നടത്തി. യുവജനോത്സവത്തിന്റെയും കായികമേളയുടേയും മാനുവൽ തയ്യാറാക്കിയതും കാലാകാലങ്ങളിൽ പരിഷ്ക്കരിച്ചതും HSSTA യുടെ നേതൃത്വത്തിൽ തന്നെയാണ്.