KERALA ADMINISTRATIVE SERVICE AND HSSTA – AN UNTOLD HISTORY

ഹയർസെക്കണ്ടറി അധ്യാപകരുടെ കെ.എ.എസ് പ്രവേശനം ഏറെ പ്രിയങ്കരമാവുന്നതെങ്ങനെ?

ഐ എ എസ് മാതൃകയിൽ കേരളത്തിനും ഒരു അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് യാഥാർത്ഥ്യമാവുന്നു. പി എസ് സി വഴി കേരളത്തിൽ എത്തിപ്പെടാവുന്ന പരമാവധി ഉയർന്ന ഉദ്യോഗമായി കെ.എ.എസ് മാറുകയാണ്.

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മൂന്ന് സ്ട്രീമുകളിലായുള്ള റാങ്ക് ലിസ്റ്റുകളിൽ മൂന്നാം വിഭാഗത്തിൽ നിരവധി ഹയർ സെക്കണ്ടറി അധ്യാപകരാണ് ഉൾപ്പെട്ടിരിക്കുന്നത്. ആകെ ഒഴിവുകളിൽ, ഗസറ്റഡ് തസ്തികയിലുള്ള ജീവനക്കാർക്കായി സംവരണം ചെയ്തിരിക്കുന്ന 33 ശതമാനത്തിൽ എല്ലാ യോഗ്യതകളുമുണ്ടായിട്ടും ഒരു ഹയർ സെക്കണ്ടറി അധ്യാപകൻ പോലും ഉൾപ്പെടാതെ പോകുമായിരുന്ന സാഹചര്യത്തിൽ നിന്നും, ഇരുപതിലധികം പേരെ ഫൈനൽ റാങ്ക് ലിസ്റ്റിൽ എത്തിച്ചതിനു പിന്നിൽ അധ്യാപകരോടു ചേർന്നു നിന്ന്, ഹയർ സെക്കണ്ടറി മേഖലയിലെ ഒരധ്യാപക സംഘടന നടത്തിയ വലിയ നിയമപോരാട്ടത്തിന്റെ ഉജ്വല ചരിത്രമുണ്ട്.

അതെ, സർക്കാർ മേഖലയിലെ ഹയർ സെക്കണ്ടറി അധ്യാപകരുടെ അംഗീകൃത സംഘടനയായ ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എച്ച് എസ് എസ് ടി എ) കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിന്റെ നാൾവഴികളിലെ സുപ്രധാന കണ്ണിയായി എഴുതപ്പെടുകയാണ്.

അൽപ്പം ചരിത്രം

കേരളത്തിന്റെ സ്വന്തം ഭരണ സർവ്വീസെന്ന നിലയിൽ 2017 ലാണ് കെ എ എസിന്റെ ഡ്രാഫ്റ്റ് റൂൾ നിലവിൽ വരുന്നത്. പിന്നീട് 2018 ൽ 29 വകുപ്പുകളിലെ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സ്ട്രീം 3 നിശ്ചയിച്ച് കരട് വിജ്ഞാപനം പുറത്തിറക്കി. തുടർന്ന് 2019 ജൂലൈ 11ന് വിജ്ഞാപനത്തിൽ ഭേദഗതി വരുത്തുകയും റൂൾ12 നോട്ട്2 പ്രകാരം പ്രത്യേകിച്ചൊരു വിശദീകരണവും നൽകാതെ ഗസറ്റഡ് പദവിയിലുള്ള ഹയർ സെക്കണ്ടറി അധ്യാപകരെ ഒഴിവാക്കിക്കൊണ്ട് കെ.എ.എസ് പരീക്ഷക്കുള്ള വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചു.

ഹയർ സെക്കണ്ടറി മേഖലയിലെ പരിപൂർണ്ണയോഗ്യതയുള്ള, ഗസറ്റഡ് പദവിയിലുള്ള, കെ.എ.എസിലേക്ക് കടന്നുവരാൻ ആഗ്രഹിച്ച ആയിരക്കണക്കിന് അധ്യാപകരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ട തീരുമാനം.

എന്നാൽ സർക്കാർ മേഖലയിലെ ഹയർസെക്കണ്ടറി അധ്യാപക സംഘടനയായ എച്ച് എസ് എസ് ടി എ കീഴടങ്ങാൻ ഒരുക്കമായിരുന്നില്ല. 2019 ജൂലൈ മാസത്തിൽ ശ്രീ. മാത്യു അവർകൾ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹയർസെക്കണ്ടറി അധ്യാപകർക്ക് നീതി നിഷേധിച്ചതിനെതിരായുള്ള ആദ്യ കേസ് തിരുവനന്തപുരം അഡ്മിനിസ്ട്രേറ്റീവ് ടൈബ്യൂണലിൽ ഫയൽ ചെയ്യപ്പെട്ടു.

2019 ആഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലായി ഭരണപരിഷ്കാര വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പി ആന്റ് എ ആർ ഡി വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിൽ സംഘടനയുടെ സംസ്ഥാന നേതൃത്വം നിരവധി നിവേദനങ്ങൾ സമർപ്പിച്ചു. ഈ ആവശ്യം മുൻ നിർത്തി വിവിധ പ്രതിഷേധ സമരങ്ങളും സംഘടന ഇക്കാലയളവിൽ നടത്തി. 2019 നവംബർ മാസം മുതൽ 2020 ജനുവരി വരെ ഇതേ ആവശ്യവുമായി നാൽപത്തിയെട്ടോളം കേസുകളാണ് തിരുവനന്തപുരത്തെയും എറണാകുളത്തെയും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനു മുന്നിൽ വന്നത്.

ഇതിനിടെ 2019 ഡിസംബറിൽ പാലക്കാടുനിന്നും ഒരു കൂട്ടം അധ്യാപകർ ഹൈക്കോടതിയിൽ നേരിട്ടു നൽകിയ കേസ്, ഹയർ സെക്കണ്ടറി അധ്യാപകർ മതിയായ ഭരണപരിചയമില്ലാത്തവരാണെന്ന സർക്കാർ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. ഇതിന്റെ ചുവടു പിടിച്ച് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനു മുന്നിലുണ്ടായിരുന്ന 48 കേസുകളും തള്ളിപ്പോവുകയാണുണ്ടായത്.

ഹയർസെക്കണ്ടറി അധ്യാപകരുടെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട ഈ നീതിനിഷേധം തിരുത്താൻ ഏതറ്റം വരെയും പോകണമെന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ എറണാകുളത്ത് ചേർന്ന എച്ച് എസ് എസ് ടി എ യുടെ സംസ്ഥാന സമിതി തീരുമാനമെടുക്കുകയായിരുന്നു. സംഘടനയുടെ നിയമപോരാട്ടങ്ങളുടെ ഏകോപന ചുമതലയുള്ള സംസ്ഥാന സെക്രട്ടറി ശ്രീ. വി എം ജയപ്രദീപ് സാറിന്റെ നേതൃത്വത്തിലാണ് തുടർന്നുള്ള പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ നടന്നത്.

സംസ്ഥാന സമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. അനിൽ എം ജോർജ് , സംസ്ഥാന സെക്രട്ടറി ശ്രീ. വി.എം ജയപ്രദീപ് , ശ്രീമതി സുമിത എന്നിവർ ചേർന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയും അഡ്വ. മരുതംകുഴി സതീഷ് കുമാർ മുഖേന ഹയർ സെക്കണ്ടറി അധ്യാപകർക്ക് നിഷേധിക്കപ്പെട്ട സാമാന്യ നീതി കോടതി മുമ്പാകെ ബോധ്യപ്പെടുത്തുകയും ചെയ്തു.

സ്ട്രീം 3 ൽ മറ്റു ഗസറ്റഡ് ഉദ്യോഗസ്ഥർക്കൊപ്പം ഹയർ സെക്കണ്ടറി അധ്യാപകരെ കെ എ എസിന്റെ പരീക്ഷപോലും എഴുതാൻ അനുവദിക്കാത്ത സർക്കാർ നിലപാട് തികഞ്ഞ നീതി നിഷേധമാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഒറ്റനോട്ടത്തിൽ തന്നെ നിരീക്ഷിച്ചു. നിലവിലെ കെ എ എസ് പരീക്ഷാ നടപടികൾ ഏറെ മുന്നോട്ടു പോയെന്നും അടുത്ത വിജ്ഞാപനം മുതൽ സ്ട്രീം മൂന്നിൽ ഹയർ സെക്കണ്ടറി അധ്യാപകരെയും പരിഗണിക്കാമെന്ന സർക്കാർ വാദത്തെ രൂക്ഷമായി വിമർശിച്ച ഹൈക്കോടതി, കെ എ എസിലേക്ക് ആദ്യമായി നടക്കുന്ന പരീക്ഷയിൽ തന്നെ ഹയർ സെക്കണ്ടറി അധ്യാപകരെയും പരിഗണിക്കണമെന്ന ചരിത്രപരമായ വിധിയാണ് (OPKAT 85/2020 dated 14/07/2020) പ്രസ്താവിച്ചത്.

എന്നാൽ ചില കേന്ദ്രങ്ങളുടെ ഹയർ സെക്കണ്ടറി വിരുദ്ധ നിലപാടുകളുടെയും നിർബന്ധത്തിന്റെയും അടിസ്ഥാനത്തിൽ ഹൈക്കോടതി വിധിയെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്ത് സ്റ്റേ ചെയ്യിക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ടു പോയി. 2020 നവംബർ 23 ന് കേസ് പരിഗണിച്ച സുപ്രീം കോടതി, കേരളാഹൈക്കോടതി, എച്ച് എസ് എസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറിക്ക് അനുവദിച്ച അനുകൂലവിധി സ്റ്റേ ചെയ്യണമെന്ന സർക്കാർ വാദത്തെ ആദ്യ സിറ്റിങ്ങിൽ തന്നെ തള്ളി.

കേരളാ ഹൈക്കോടതി ഹയർ സെക്കണ്ടറി അധ്യാപകർക്ക് അനുകൂലമായി നൽകിയ വിധി നിലനിൽക്കുമെന്നും, പി എസ് സിയുടെ ചരിത്രത്തിൽ ആദ്യമായി നടന്ന കെ എ എസ് പരീക്ഷ ഹയർ സെക്കണ്ടറി അധ്യാപകർക്കായി വീണ്ടും നടത്തണമെന്നുമുള്ള നിർദ്ദേശം സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് എസ് അബ്ദുൾ നസീറും ജസ്റ്റിസ് സഞ്ജീവ് ഖന്നയും അടങ്ങിയ ബെഞ്ച് കേരളാസർക്കാറിനു നൽകി.

യോഗ്യരായ ഹയർ സെക്കണ്ടറി അധ്യാപകർക്ക് കെ എ എസ് പ്രാഥമിക പരീക്ഷയിലെങ്കിലും പങ്കെടുക്കാനുള്ള അവകാശം നിഷേധിക്കാനായുള്ള കേസിന്റെ നടത്തിപ്പിന് പൊതുഖജനാവിലെ പണം എന്തിനാണ് ധൂർത്തടിക്കുന്നതെന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് നിശ്ശബ്ദത മാത്രമായിരുന്നു സർക്കാർ ഭാഗത്തു നിന്നുള്ള മറുപടി.

കോടതി വിധിയുടെ അടിസ്ഥാനത്തിൽ 1164 ഹയർ സെക്കണ്ടറി അധ്യാപകരാണ് സ്ട്രീം 3 ൽ പരീക്ഷയ്ക്കായി അപേക്ഷിച്ചത്. തയ്യാറെടുപ്പിനായി കേവലം 10 ദിവസം മാത്രം ലഭിച്ചിട്ടും 160 ലധികം അധ്യാപകർ ഷോർട്ട് ലിസ്റ്റിൽ ഇടം നേടിയെന്നത് നമ്മുടെ മേഖലയിലെ അധ്യാപകരുടെ അക്കാദമികമായ മികവിനെയാണ് സൂചിപ്പിക്കുന്നത്.

ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവർ മെയിൻ പരീക്ഷയ്ക്കും ഇന്റർവ്യൂവിനും പങ്കെടുക്കുകയുണ്ടായി. ഒടുവിൽ 2021 ഒക്ടോബർ 8 ന് ഫൈനൽ റാങ്ക് ലിസ്റ്റ് പുറത്തിറങ്ങുമ്പോൾ സ്ട്രീം 3 ൽ ഇരുപതിലധികം ഹയർ സെക്കണ്ടറി അധ്യാപകരും ഉൾപ്പെട്ടിരിക്കുന്നു എന്നത് എച്ച് എസ് എസ് ടി എ നടത്തിയ സമാനതകളില്ലാത്ത ഒരു പോരാട്ടത്തിന്റെ ഉജ്വലവിജയം തന്നെയാണ്.

നിലവിലുള്ളതും ഒരു വർഷത്തിനിടയിൽ ഉണ്ടായേക്കാവുന്നതുമായ ഒഴിവുകളിലേക്ക് ഈ ലിസ്റ്റിൽ നിന്നും നിയമനം നടക്കുമ്പോൾ , കേരളത്തിന്റെ ഭരണചക്രം തിരിക്കുന്നതിനായി പി എസ് സി മുഖേന നിയമിക്കപ്പെടുന്ന ഏറ്റവും ഉയർന്ന തസ്തികകളിൽ ഹയർ സെക്കണ്ടറി അധ്യാപകരിൽ നിന്നുള്ളവരും ഉണ്ടാവുമെന്നതുറപ്പാണ്.

എല്ലായോഗ്യതകളുമുണ്ടായിട്ടും ചില സങ്കുചിത താല്പര്യങ്ങൾക്കുമുന്നിൽ നഷ്ടമാകുമായിരുന്ന ഹയർ സെക്കണ്ടറി അധ്യാപകരുടെ വലിയ സ്വപ്നത്തിനാണ് എച്ച് എസ് എസ് ടി എ എന്ന ഡിപ്പാർട്ടുമെന്റൽ സംഘടന ചിറകു നൽകിയിരിക്കുന്നത്. കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസ് തുടരുന്നിടത്തോളം കാലം ഹയർസെക്കണ്ടറി അധ്യാപകർക്കും അതിന്റെ ഭാഗമായി കടന്നുവരാനുള്ള പാതയാണ് സംഘടന തെളിയിച്ചിരിക്കുന്നത്.

ഹയർ സെക്കണ്ടറി മേഖലയുടെ ചരിത്രത്തിൽ നിരവധി നേട്ടങ്ങൾ അടയാളപ്പെടുത്തിയ സംഘടനയുടെ ക്രിയാത്മക സംഭാവനയായി ഈ നേട്ടവും എഴുതിച്ചേർക്കപ്പെടും.

അധ്യാപകപക്ഷം ചേർന്ന് നീതിയുടെയും അവകാശങ്ങളുടെയും വീണ്ടെടുപ്പിനായി നിലകൊള്ളുന്ന സംഘടനയായി എച്ച് എസ് എസ് ടി എ തുടർന്നും കൂടെയുണ്ടാവും.

കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് പ്രവേശിക്കുന്ന മുഴുവൻ സുഹൃത്തുക്കൾക്കും സ്നേഹാഭിവാദനങ്ങൾ

ഹയർസെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ, (HSSTA)
സംസ്ഥാന കമ്മറ്റി, തിരുവനന്തപുരം
10/10/2021