History of Higher Secondary

പ്ലസ് ടു അധ്യാപകർ ഉയർന്ന ഗസറ്റഡ് തസ്തികയിൽ ഡോക്ടർക്കും എഞ്ചിനിയർക്കുമൊപ്പം എത്തിയതിന്റെ ചരിത്രം. മറക്കാതിരിക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്…!!

C JOSEKUTTY,
FORMER GENERAL SECRETARY

ഹയർ സെക്കണ്ടറിയുടെ ജനനതിയതി 1990 ആഗസ്റ്റ് 1.
മുൻ പ്രധാനമന്ത്രി ശ്രീ. രാജീവ്ഗാന്ധിയുടെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി കേരളത്തിൽ ശ്രീ. കെ കരുണാകരൻ സർക്കാർ കൊണ്ടുവന്ന പ്രീഡിഗ്രി ബോർഡിന് പകരമായാണ് ശ്രീ. ഇ കെ നായനാർ സർക്കാർ സീനിയർ സെക്കണ്ടറി കോഴ്സ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാരംഭിച്ചത്.

കേരളത്തിലെ 31 വിദ്യാഭ്യാസ ജില്ലകളിലെ 31 സർക്കാർ സ്കൂളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്ലസ്ടു സംവിധാനം ആരംഭിച്ചു. രണ്ടാം ക്ലാസ് മാസ്റ്റർ ബിരുദവും ബി.എഡ് ബിരുദവും ഉള്ള സർക്കാർ എച്ച്.എസ്.എ മാരെ മെറിറ്റിന്റെയും സ്യൂട്ടബിലിറ്റിയുടെയും അടിസ്ഥാനത്തിൽ ഇന്റർവ്യൂ നടത്തി തെരഞ്ഞെടുത്ത്, എച്ച്. എസ്.എ ശമ്പളത്തോടൊപ്പം 250 രൂപ സ്പെഷ്യൽ പേയും നൽകി നിയമിക്കപ്പെട്ടവരാണ് 01.08.1990 ൽ ജോലിയിൽ പ്രവേശിച്ച മുഴുവൻ ഹയർ സെക്കണ്ടറി അദ്ധ്യാപകരും.

ഇത്രയും ധൃതി പിടിച്ച് മുന്നൊരുക്കങ്ങളോ ചർച്ചകളോ ഇല്ലാതെ കേരളത്തിൽ മറ്റൊരു വിദ്യാഭ്യാസ പദ്ധതിയും ഉണ്ടായിട്ടില്ല. ജാതകദോഷത്തോടെയാണ് ഹയർ സെക്കണ്ടറി പിറന്നുവീണത്.

ഹൈസ്കൂൾ ഹെഡ്മാസ്റ്ററെ പ്രിൻസിപ്പൽ എന്ന തസ്തികാനാമത്തിൽ ചുമതലപ്പെടുത്തി. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും ഉയർന്ന ക്ലാസ്സിൽ പഠിപ്പിക്കുന്നവരുമായ പ്ലസ് ടു അദ്ധ്യാപകരെ അണ്ടർ ക്വാളിഫൈഡ് ആയ HM പ്രിൻസിപ്പൽ എന്ന പേരിൽ ഭരിക്കുകയും, അക്കാദമിക് സുപ്പർവിഷൻ നടത്തുകയും ചെയ്യുന്ന വിചിത്രമായ വ്യവസ്ഥ.

സ്കൂൾ അദ്ധ്യാപകർ തികഞ്ഞ പുച്ഛത്തോടെയും വെറുപ്പോടെയുമാണ് പ്ലസ് ടു അദ്ധ്യാപകരെ സ്വീകരിച്ചത്.

പ്ലസ്ടുവിലെ വൈവിധ്യമാർന്ന വിഷയങ്ങളിൽ എൻ. സി. ഇ. ആർ. ടി പുസ്തകങ്ങൾ കിട്ടാനില്ല. പരീക്ഷയെ പറ്റി യാതൊരു ധാരണയുമില്ല. കോഴ്സിന്റെ അക്കാദമിക നടത്തിപ്പ് സംബന്ധിച്ച് കീഴ് വഴക്കങ്ങളില്ല, ചട്ടങ്ങളില്ല, ക്ലാസ് മുറികളില്ല, അദ്ധ്യാപകർക്കിരിക്കാൻ ഇരിപ്പിടങ്ങൾ പോലുമില്ല..!
വരാന്തയിലും സ്റ്റോർ മുറികളിലും പ്ലസ്ടു അധ്യാപകർ ഇരുന്ന കാലഘട്ടം അറിയുന്ന കുറച്ചു പേരെങ്കിലും ഇപ്പോഴും സർവ്വീസിലുണ്ടാകും.

പ്രീഡിഗ്രി എല്ലാ പ്രൗഢിയോടും കൂടി കോളേജുകളിൽ നിലനിൽക്കുന്നതിനാൽ പ്ലസ് ടു കോഴ്സിൽ ചേരാൻ കുട്ടികളെയും കിട്ടാനില്ല. നിലനിൽപ്പില്ലാത്ത പുതിയ കോഴ്സിൽ കുട്ടികളെ പരീക്ഷണത്തിനായി പറഞ്ഞയച്ച് നശിപ്പിക്കരുതെന്ന സ്കൂൾ അദ്ധ്യാപകരുടെ പ്രചണ്ഡമായ പ്രചരണവും ശക്തമായിരുന്നു. പ്ലസ് ടു നിലനിൽക്കേണ്ടതും പരീക്ഷണം വിജയമാക്കേണ്ടതും പ്ലസ് ടു അദ്ധ്യാപകരുടെ മാത്രം ബാദ്ധ്യതയായി. ചുവരില്ലാതെ ചിത്രം വരയ്ക്കേണ്ട ദുരവസ്ഥയിലായി പ്ലസ് ടു അദ്ധ്യാപകർ.

ഇന്നത്തെ ഹയർസെക്കണ്ടറി അദ്ധ്യാപകർക്ക് ഭാവനയിൽ പോലും ചിന്തിക്കാൻ കഴിയാത്ത അനിശ്ചിതത്വത്തിന്റെയും അവഗണനയുടെയും പൊള്ളുന്ന അനുഭവങ്ങളാണ് എച്ച്.എസ്.എസ്.ററി.എ എന്ന കൂട്ടായ്മയുടെ പിറവിക്ക് കാരണമായത്. ഇടത് അനുഭാവ സംഘടനയായ കെ.ജി.റ്റി.എ (ഇന്നത്തെ കെ.എസ്.റ്റി.എ), കോൺഗ്രസ് അനുഭാവ സംഘടനയായ ജി. ജി. റ്റി. ഒ, ജി.എസ്.റ്റി. യു (ഇന്നത്തെ കെ. പി. എസ്.റ്റി.എ) എന്നീ സംഘടനകളിൽ ഉണ്ടായിരുന്നവരാണ് തൊണ്ണൂറിൽ ഹയർ സെക്കണ്ടറി അദ്ധ്യാപകരായത്. മാതൃസംഘടനകൾ ഹയർസെക്കണ്ടറി അദ്ധ്യാപകർക്ക് മുന്നിൽ വാതിലടച്ചു എന്നുമാത്രമല്ല ഹയർ സെക്കണ്ടറിയെ ഒരിഞ്ചുപോലും മുന്നോട്ടു പോകാൻ അനുവദിക്കില്ല എന്ന തീരുമാനത്തിലുമായിരുന്നു.

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ വരുന്നവർക്ക് പൊതു വിദ്യാഭ്യാസ സ്കൂളുകളിൽ കാര്യമില്ലെന്നായിരുന്നു അവരുടെ വാദം. നിസ്സഹായതയും ഒറ്റപ്പെടലുകളും തീവ്രമായ സാഹചര്യത്തിൽ ഹയർസെക്കണ്ടറി അദ്ധ്യാപകർക്ക് ഒരു കൂട്ടായ്മ അത്യാവശ്യമായിത്തീർന്നു. അങ്ങനെയാണ് 1990 ഒക്ടോബറിൽ എച്ച്. എസ്. എസ്. റ്റി. എ എന്ന സംവിധാനത്തിന് തുടക്കമായത്.

കോളജിലെ പ്രീഡിഗ്രിക്ക് സമാനമായ ജൂനിയർ കോളജ് എന്നതായിരുന്നു എച്ച്. എസ്. എസ്. റ്റി. എ യുടെ വിഷൻ. കോളജ് അദ്ധ്യാപകരുടെ ശമ്പളവും സ്റ്റാറ്റസും മറ്റ് അക്കാദമിക രീതികളും സമ്പ്രദായങ്ങളും അനുവദിപ്പിക്കുക എന്നതായിരുന്നു എച്ച്. എസ്.എസ്.റ്റി.എ ഏറ്റെടുത്ത മിഷൻ.

ജ്യോഗ്രഫി തുടങ്ങിയ വിഷയങ്ങളിൽ യോഗ്യരായവർ ഹൈസ്കൂളുകളിൽ ഇല്ലാതിരുന്നതിനാൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനങ്ങളും നടത്തിയിരുന്നു. അവർക്കും; 1991-92 വർഷത്തിൽ ആരംഭിച്ച എയ്ഡഡ് ഹയർസെക്കണ്ടറി അദ്ധ്യാപകർക്കും അനുവദിച്ച മാസശമ്പളം 1000 രൂപ മാത്രമായിരുന്നു. 1991-92 വർഷത്തിൽ തന്നെ ട്രാൻസ്ഫർ അനുവദിപ്പിക്കുവാൻ എച്ച്. എസ്. എസ്. റ്റി.എക്ക് കഴിഞ്ഞു. ശമ്പളസ്കെയിലിനായി അടുത്ത പോരാട്ടം. പ്ലസ് ടു കോഴ്സിലെ അദ്ധ്യാപകർക്ക് ഹൈസ്കൂൾ അദ്ധ്യാപകരുടെ ഹയർ ഗ്രേഡിന് മാത്രമേ അർഹതയുള്ളു എന്നായിരുന്നു അധികാരികളുടെ തീരുമാനം. എച്ച്.എസ്.എ മാരുമായി ബന്ധപ്പെട്ട ഒരു ശമ്പള സ്കെയിൽ ഒരിക്കലും എച്ച്.എസ്.എസ്.റ്റി.എ യ്ക്ക് അംഗീകരിക്കുവാൻ കഴിയുമായിരുന്നില്ല. കോളേജ് അദ്ധ്യാപകരുടെ സ്കെയിൽ ആയിരുന്നു നമ്മുടെ ലക്ഷ്യം.

സ്വതന്ത്ര സംഘടനയാണെങ്കിലും 1991ൽ ഒൻപത് കോൺഗ്രസ് എം. എൽ. എ മാരെ കൂട്ടു പിടിച്ചുകൊണ്ട് എച്ച്. എസ്.എസ്.റ്റി.എ രംഗത്തിറങ്ങി.

ഓർക്കുക അന്ന് കേരളത്തിലെ ആകെ സർക്കാർ പ്ലസ് ടു അദ്ധ്യാപകരുടെ എണ്ണം 300 ൽ താഴെയാണ്. എല്ലാവരും എച്ച്.എസ്.എസ്.റ്റി.എ അംഗങ്ങളായിരുന്നു. ഈയിടെ അന്തരിച്ച ശ്രീ. കെ.കെ. രാമചന്ദ്രൻ മാസ്റ്റർ 1991-96 കാലത്ത് കെ. കരുണാകരന്റെ ഏറ്റവും വിശ്വസ്തനായ എം.എൽ.എ ആയിരുന്നു. അതിശക്തനായ മാസ്റ്ററുമായുള്ള വ്യക്തിപരമായ ബന്ധം ഉപയോഗിച്ചുകൊണ്ട് നടത്തിയ തുടർച്ചയായ നീക്കങ്ങൾക്ക് ഫലമുണ്ടായി. ഹയർ സെക്കണ്ടറി അദ്ധ്യാപകർക്ക് കോളജ് അദ്ധ്യാപകരുടെ ഗസറ്റഡ് ശമ്പളസ്കെയിലായ 1450-2825 രൂപ 07.04.1992ന് അനുവദിച്ച് ഉത്തരവായി. ഉത്തരവ് പുറത്തിറങ്ങിയപ്പോൾ സ്കൂൾ സംഘടനകളും ഇതരസംഘടനകളും എച്ച്.എസ്.എസ്.റ്റി.എ യുടെ ശത്രുപക്ഷത്ത് നിലയുറപ്പിച്ചു.

കേന്ദ്ര നിരക്കിൽ ശമ്പളം പരിഷ്കരിക്കുന്ന കാലമായിരുന്നു അത്. പ്ലസ് ടു അദ്ധ്യാപകരൊഴിച്ച് എല്ലാവരും ഹയർസെക്കണ്ടറിക്കാർക്കനുവദിച്ച മാന്യമായ ശമ്പളസ്കെയിൽ തരംതാഴ്ത്തുവാൻ അണിയറ നീക്കങ്ങൾ നടത്തി. 1450 – 2825 സമാന സ്കെയിലായ 2060-3200 ഹയർസെക്കണ്ടറി അദ്ധ്യാപകർക്ക് നിഷേധിച്ചുകൊണ്ട് കേന്ദ്ര നിരക്കിൽ ശമ്പളം പരിഷ്കരിച്ചു. കേന്ദ്രത്തിലെ പി. ജി.റ്റി മാരുടെ ശമ്പളസ്കെയിലായ 1640 2900 സ്കെയിലാണ് പ്ലസ് ടു അദ്ധ്യാപകർക്ക് അനുവദിച്ചത്. എന്നാൽ എച്ച്.എസ്.എസ്.റ്റി.എ അടങ്ങിയിരുന്നില്ല. പോരാട്ടം തുടർന്നു. അപാകതകൾ പരിഹരിക്കുവാനായി ഒരു മന്ത്രിതല ഉപസമിതിയെ നിയമിച്ചു. ശ്രീ. ഉമ്മൻചാണ്ടി, ശ്രീ. ആർ. ബാലകൃഷ്ണപിള്ള, ശ്രീ. ഇ. റ്റി. മുഹമ്മദ് ബഷീർ, ശ്രീ.പി.പി.ജോർജ്ജ് എന്നിവരാണ് സമിതി അംഗങ്ങൾ. ധനകാര്യവകുപ്പ് സെക്രട്ടറി ശ്രീ. മോഹൻകുമാർ സമിതിയുടെ കൺവീനർ ആയിരുന്നു. സമിതയംഗങ്ങളെ പല പ്രാവശ്യം നേരിട്ട് കണ്ട് പ്ലസ് ടു അദ്ധ്യാപകർ യോഗ്യതകൾ കൊണ്ടും സമാന കോഴ്സ് ആയതുകൊണ്ടും കോളജ് അദ്ധ്യാപകരുടെ ശമ്പളത്തിന് അർഹതയുണ്ടെന്ന് വാദിച്ചു. ആർ. ബാലകൃഷ്ണപിള്ളയുമായുള്ള വ്യക്തപരമായ ബന്ധവും സ്വാധീനവും പരമാവധി ഉപയോഗപ്പെടുത്തുവാൻ പരിശ്രമിച്ചു. സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ ഉപസമിതിയുമായി അദ്ധ്യാപക സർവ്വീസ് സംഘടനാ നേതാക്കളുടെ ചർച്ചയിൽ പ്ലസ് ടു അദ്ധ്യാപകരുടെ സ്കെയിൽ സംബന്ധിച്ച പരാതി പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എച്ച്.എസ്.എസ്.റ്റി.എ ജനറൽ സെക്രട്ടറി നടത്തിയ പ്രസംഗത്തിനും സമിതിയംഗങ്ങളുടെ ചോദ്യോത്തരങ്ങൾക്കും ഫലമുണ്ടായി. 1450 – 2828 ന്റെ സമാന കേന്ദ്ര ഗസറ്റഡ് സ്കെയിലായ 2060-3200 രൂപ പ്ലസ് ടു അദ്ധ്യാപകർക്ക് അനുവദിച്ച് ഉത്തരവായി. കോളജ് അദ്ധ്യാപകർ തുടങ്ങി ഡോക്ടർമാർ വരെയുള്ളവരുടെ ശമ്പള സ്കെയിലാണ് 2060-3200 രൂപ. ഹെഡ്മാസ്റ്റർ – പ്രിൻസിപ്പലിന് ശമ്പളപരിഷ്കരണ ഉത്തരവിൽ അനുവദിച്ചത് 2000-3200 രൂപയുടെ ശമ്പളസ്കെയിൽ ആയിരുന്നു എന്നതും ചരിത്രം.

പ്ലസ് ടു അദ്ധ്യാപകരുടെ ശമ്പളസ്കെയിലിനൊപ്പം എത്താൻ അവർക്ക് ഒരു വർഷത്തോളം സമരം ചെയ്യേണ്ടിവന്നു. ഹയർസെക്കണ്ടറി അദ്ധ്യാപകർ ഇന്നനുഭവിക്കുന്ന എല്ലാ സേവന വേതന വ്യവസ്ഥകളുടെയും സ്റ്റാറ്റസിന്റെയും അടിസ്ഥാനമാണ് 1991-92ൽ നേടിയെടുത്ത നമ്മുടെ ശമ്പളസ്കെയിൽ.

പ്ലസ് ടു അദ്ധ്യാപകന്റെ ശമ്പളത്തിന്റെ ചരിത്രം മാത്രമാണ് ഇവിടെ പ്രതിപാദിച്ചത്.

ക്ലാസ് മുറികൾ, ഉപകരണങ്ങൾ, ലബോറട്ടറി, പ്രത്യേക പ്ലസ് ടു ബ്ളോക്ക്, പ്രത്യേക ഹയർസെക്കണ്ടറി യുവജനോൽസവവും കായികമേളയും, പ്രത്യേക പി.റ്റി.എ., പ്രീഡിഗ്രിക്ക് സമാനമായ പരീക്ഷാ സമ്പ്രദായം ഹയർസെക്കണ്ടറി സ്പെഷ്യൽ റൂൾസ്, പി.എസ്.സി നിയമനം, പ്രിൻസിപ്പൽ, പ്രിൻസിപ്പൽ ഓഫീസ്, ആർ.ഡി. ഡി എന്നിങ്ങനെ നീളുന്ന നേട്ടങ്ങളുടെയെല്ലാം പിന്നിലെ സമരചരിത്രം അറിയേണ്ടതും പഠിക്കേണ്ടതുമാണ്.

ഹയർ സെക്കണ്ടറി അദ്ധ്യാപക സംഘടനകളുടെ മാത്രം പോരാട്ടം കൊണ്ടുണ്ടായ നേട്ടങ്ങൾ ആണ് എല്ലാം. ഹയർ സെക്കണ്ടറിയെ എക്കാലത്തും മുന്നിൽ നിന്നും പിന്നിൽ നിന്നും തകർക്കാൻ ശ്രമിച്ചിട്ടുള്ള ഹൈസ്കൂൾ സംഘടനകൾക്ക് ആളും അർത്ഥവും നൽകുന്ന ഹയർ സെക്കണ്ടറി അദ്ധ്യാപകരും പ്രിൻസിപ്പൽമാരും ആണ് ഹയർസെക്കണ്ടറി മേഖല ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണിയെന്നത് തിരിച്ചറിയാൻ നമുക്കാവുന്നില്ലെങ്കിൽ വരാനിരിക്കുന്നത് വലിയ ദുരന്തമായിരിക്കുമെന്ന് ഓർക്കുന്നത് നന്ന്.