ഹയർസെക്കൻഡറി: ഒരു സ്കൂളിൽ അഞ്ചുവർഷം പഠിപ്പിച്ച അധ്യാപകരെ മാറ്റും. സ്ഥലംമാറ്റ മാനദണ്ഡങ്ങൾ പരിഷ്കരിച്ചു
ഹയർസെക്കൻഡറി അധ്യാപകന് ഒരുസ്കൂളിൽ തുടർച്ചയായി അഞ്ചുവർഷം മാത്രമേ ജോലി ചെയ്യാനാകൂ എന്ന പ്രധാനവ്യവസ്ഥ ഉൾപ്പെടുത്തി സ്ഥലംമാറ്റമാനദണ്ഡങ്ങൾ പരിഷ്കരിച്ചു. ഇതിന്റെ കരട് പ്രസിദ്ധീകരിച്ചു. നിലവിലുള്ള മാനദണ്ഡങ്ങൾ പരിഷ്കരിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. സ്വന്തം ജില്ലയിൽ (ഹോം സ്റ്റേഷനിൽ) അഞ്ചുവർഷം പൂർത്തിയാക്കിയ അധ്യാപകന്റെ ഔട്ട് സ്റ്റേഷൻ സർവീസ് (അന്യജില്ലകളിലെ സേവന കാലയളവ്) രണ്ടുവർഷത്തേക്ക് പരിഗണിക്കില്ല. രണ്ടുവർഷത്തിനുശേഷം ആ കാലയളവ് പുനഃസ്ഥാപിക്കും.
കേരളത്തിലെ വടക്കൻ ജില്ലകളിൽ ജോലിചെയ്യുന്ന തെക്കൻ ജില്ലകളിലെ അധ്യാപകർക്ക് ഈ മാറ്റം ഏറെ പ്രയോജനപ്പെടും.
ഒരു ജില്ലയിൽ അഞ്ചുവർഷം കഴിഞ്ഞാലും പഴയ ഔട്ട് സ്റ്റേഷൻ സേവനത്തിന്റെ ബലത്തിൽ സ്ഥലം മാറാതെ കുറെ അധ്യാപകർ തെക്കൻ ജില്ലകളിൽ തുടരുകയായിരുന്നു. പുതിയ മാനദണ്ഡപ്രകാരം അവർ, അന്യജില്ലകളിൽനിന്നുംവരുന്ന ഹോം സ്റ്റേഷൻകാർക്കായി മാറികൊടുക്കണം.
പ്രിൻസിപ്പൽ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം താത്‌കാലികമായോ സ്ഥിരമായോ ഉപേക്ഷിച്ച് അധ്യാപകരായി തുടരുന്ന ഹയർസെക്കൻഡറി അധ്യാപകർക്ക് സ്ഥലംമാറ്റത്തിൽ പ്രത്യേക ആനുകൂല്യം നൽകേണ്ടതില്ലെന്നും കരടിൽ പറയുന്നു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്ക് പൊതുസ്ഥലംമാറ്റത്തിന് പ്രത്യേക പരിരക്ഷ ഉറപ്പാക്കും. പ്രഥമഗണനീയമോ പരിരക്ഷിക്കപ്പെട്ടവരോ ആയ വിഭാഗങ്ങൾക്ക് സ്ഥലംമാറ്റത്തിന് പ്രത്യേക പരിഗണന നൽകും. ഇപ്രകാരമുള്ള സ്ഥലംമാറ്റത്തിന് സർവീസിൽ ഒരിക്കൽ മാത്രമേ അർഹതയുള്ളൂ. ഹോംസ്റ്റേഷനിൽ തുടർച്ചയായി അഞ്ചുവർഷത്തിൽ കൂടുതൽ ജോലിചെയ്തുവരുന്ന അധ്യാപകരെ മുൻഗണനാവിഭാഗത്തിൽ പരിഗണിക്കില്ല. മുൻഗണനാ സ്ഥലംമാറ്റം, ജില്ലയുടെയും വിഷയത്തിന്റെയും അടിസ്ഥാനത്തിൽ പരമാവധി 20 ശതമാനമായി നിജപ്പെടുത്തും. അധ്യാപകസംഘടനകളുടെ നിർദേശങ്ങൾക്കായി കരട് മാനദണ്ഡങ്ങൾ നൽകി. അന്തിമ മാനദണ്ഡങ്ങൾ കോടതിക്ക് കൈമാറും. കോടതിയുടെ അനുമതി ലഭിക്കുന്നതിനനുസരിച്ച് സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിക്കും.