പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയ്യതി നീട്ടി, പുതിയ തിയ്യതി അറിയാം.
ന്യൂഡല്‍ഹി: പാന്‍കാര്‍ഡും ആധാര്‍കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി നീട്ടി കേന്ദ്രസര്‍ക്കാര്‍. ഈ വര്‍ഷം ജൂണ്‍ 30 വരെയാണ് നീട്ടിയത്. മാര്‍ച്ച് 31 വരെയായിരുന്നു അദ്യം നല്‍കിയ കാലാവധി. ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കുന്നതില്‍ പലയിടങ്ങളിലും സാങ്കേതിക തടസങ്ങള്‍ നേരിടുന്നതായി പരാതിയുണ്ടായിരുന്നു. പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള വെബ്‌സൈറ്റ് ഇന്നലെ ലഭ്യമായിരുന്നില്ല. ഇതോടെ തിയ്യതി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് കാലാവധി 2023 ജൂണ്‍ 30 വരെ നീട്ടിയത്.
പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പ്രധാനപ്പെട്ട പല സേവനങ്ങളും ലഭിക്കാതെ വരും. ബാങ്ക് ഇടപാടുകള്‍ സാധിക്കില്ല എന്നുള്ളതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. പാന്‍ ഒരു കെവൈസി സംവിധാനമാണ്. അതുപോലെ ആദായ നികുതി അടക്കാനും സാധിക്കില്ല. ചുരുക്കിപ്പറഞ്ഞാല്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രയോജനവുമില്ലാത്ത നാലു ദിവസത്തിനു ശേഷം വെറും പ്ലാസ്റ്റിക് കാര്‍ഡ് കഷ്ണം മാത്രമായിരിക്കും.
പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതെങ്ങനെ?
- ആദായ നികുതി ഇഫയലിംഗ് വെബ്‌സൈറ്റ് പോര്‍ട്ടല്‍ eportal.incometax.gov.in or incometaxindiaefiling.gov.in സന്ദര്‍ശിക്കുക
- വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് നിങ്ങളുടെ പാന്‍ കാര്‍ഡ് നമ്പര്‍ നല്‍കുക, അത് നിങ്ങളുടെ ഉപയോക്തൃ ഐഡി ആയിരിക്കും.
- നിങ്ങളുടെ യൂസര്‍ ഐഡി, പാസ്‌വേഡ്, ജനനത്തീയതി എന്നിവ നല്‍കി ലോഗിന്‍ ചെയ്യുക. നിങ്ങള്‍ക്ക് ഒരു അക്കൗണ്ട് ഇല്ലെങ്കില്‍, നിങ്ങള്‍ ഒന്ന് ഉണ്ടാക്കണം.
- നിങ്ങളുടെ പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ആവശ്യപ്പെടുന്ന ഒരു പോപ്പ്അപ്പ് വിന്‍ഡോ ദൃശ്യമാകും. അതില്‍ ക്ലിക്ക് ചെയ്യുക. അഥവാ പോപ്പ്അപ്പ് ഒന്നും വന്നില്ലെങ്കില്‍, മെനു ബാറിലെ ‘പ്രൊഫൈല്‍ സെറ്റിങ്‌സ്’ എന്നതിലേക്ക് പോയി ലിങ്ക് ആധാറില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പാന്‍ വിശദാംശങ്ങള്‍ അനുസരിച്ച് പേര്, ജനനത്തീയതി, ലിംഗഭേദം എന്നീ വിശദാംശങ്ങള്‍ പ്രദര്‍ശിപ്പിക്കും.
- നിങ്ങളുടെ ആധാറിലെ വിവരങ്ങള്‍ സ്‌ക്രീനിലെ പാന്‍ വിശദാംശങ്ങളുമായി ഒത്തുനോക്കുക. വിശദാംശങ്ങള്‍ ശരിയെങ്കില്‍, നിങ്ങളുടെ ആധാര്‍ നമ്പര്‍ നല്‍കി ‘ലിങ്ക് നൗ’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ ആധാര്‍ നിങ്ങളുടെ പാനുമായി ലിങ്ക് ചെയ്തുവെന്ന് ഒരു പോപ്പ്അപ്പ് സന്ദേശം നിങ്ങള്‍ക്ക് ലഭിക്കും.
പാന്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് http://www.utiitsl.com അല്ലെങ്കില്‍ http://www.egovnsdl.co.in വെബ്‌സൈറ്റുകളും സന്ദര്‍ശിക്കാവുന്നതാണ്. പാന്‍ സര്‍വീസ് സെന്ററുകളില്‍ നിന്ന് ലഭിക്കുന്ന ഫോം ഫില്‍ ചെയ്ത് നല്‍കിയാലും മതി. അല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ നിന്ന് 567678 എന്ന നമ്പറിലേക്കോ 56161 എന്ന നമ്പറിലേക്കോ എസ്എംഎസ് ചെയ്താലും പാന്‍ ആധാര്‍ ലിങ്ക് ചെയ്യാനുള്ള വഴി അറിയാം.
മെസ്സേജ് അയച്ച് പാന്‍ആധാര്‍ ലിങ്ക് ചെയ്യുന്ന വിധം
ആധാര്‍ നമ്പര്‍ പാന്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിന്, നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് ഒരു എസ്എംഎസ് അയക്കുക. മെസ്സേജ് അയയ്ക്കുന്നതിനുള്ള ഫോര്‍മാറ്റ് ഇപ്രകാരമാണ്. UIDPAN <12 അക്ക ആധാര്‍ കാര്‍ഡ്> <10 അക്ക പാന്‍> എന്നിങ്ങനെ ടൈപ്പ് ചെയ്ത് 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് അയയ്ക്കുക. ഉദാഹരണത്തിന്, നിങ്ങളുടെ ആധാര്‍ നമ്പര്‍ 123456789101 ഉം പാന്‍ കാര്‍ഡ് നമ്പര്‍ XYZCB0007T ഉം ആണെങ്കില്‍, UIDPAN 123456789101XYZCB0007T എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് അയക്കണം.
നിങ്ങളുടെ ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചുണ്ടോ; പരിശോധിക്കാം
ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ incometax.gov.in തുറക്കുക തുറന്നുവരുന്ന വിന്‍ഡോയിലെ ‘Link Aadhaar Status’ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക നിങ്ങളുടെ പാന്‍ നമ്പറും ആധാര്‍ നമ്പരും രേഖപ്പെടുത്തിയ ശേഷം ‘View Link Aadhaar Status’ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക നിങ്ങളുടെ പാന്‍ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ ഒരു സന്ദേശം നിങ്ങളുടെ സ്‌ക്രീനില്‍ ദൃശ്യമാകും.
പാന്‍ആധാര്‍ കാര്‍ഡ് തമ്മില്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കും?
പ്രവര്‍ത്തനരഹിതമായ പാന്‍ ഉപയോഗിച്ച് വ്യക്തിക്ക് ടാക്‌സ്‌റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ല തീര്‍ച്ചപ്പെടുത്താത്ത റിട്ടേണുകള്‍ പ്രോസസ്സ് ചെയ്യില്ല പ്രവര്‍ത്തനരഹിതമായ പാന്‍ കാര്‍ഡുകള്‍ക്ക് തീര്‍ച്ചപ്പെടുത്തിയിട്ടില്ലാത്ത റീഫണ്ടുകള്‍ നല്‍കാനാവില്ല വികലമായ റിട്ടേണുകളുടെ കാര്യത്തില്‍ തീര്‍പ്പാക്കാത്ത നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. കാരണംപാന്‍ പ്രവര്‍ത്തനരഹിതമാണ് എന്നതാണ്. എല്ലാത്തരം സാമ്പത്തിക ഇടപാടുകള്‍ക്കും പാന്‍ ഒരു നിര്‍ണായക കെ വൈസി ആവശ്യകതയായതിനാല്‍, നികുതിദായകന് ബാങ്കുകളും മറ്റ് സാമ്പത്തിക പോര്‍ട്ടലുകളും പോലുള്ള നിരവധി ഫോറങ്ങളില്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടേക്കാം.
ലിങ്ക് ചെയ്യല്‍ നിര്‍ബന്ധമില്ലാത്തവര്‍
അസം, ജമ്മു കശ്മീര്‍, കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ താമസക്കാര്‍, പ്രവാസികള്‍, 80 വയസോ അതില്‍ കൂടുതല്‍ പ്രായമുള്ളവര്‍, ഇന്ത്യന്‍ പൗരത്വം ഇല്ലാത്തവര്‍ എന്നിവരെ പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മറ്റെല്ലാ പൗരന്‍മാര്‍ക്കും ഏപ്രില്‍ ഒന്ന് മുതല്‍ ഇത് ബാധകമാണ്.
