,
പി.എസ്.സി പരീക്ഷയിലൂടെ ഉയർന്ന റാങ്ക് കരസ്ഥമാക്കി ഏറെ പ്രതീക്ഷയോടെ സർക്കാർ ജോലിയിലേക്ക് കടന്ന് വന്ന പ്രിയ സുഹൃത്തുക്കളായ 110 ഇംഗ്ലീഷ് ജൂനിയർ അധ്യാപകരുടെ സർവീസ് ഈ മാർച്ച് 31 ന് ശേഷം ചോദ്യചിഹ്നമാകുന്നു… കേരള സർവീസ് ചരിത്രത്തിലൊന്നും കേട്ടുകേൾവിയില്ലാത്ത വിധം , ഒരു ദിവസം മുതൽ നിങ്ങൾക്ക് ജോലിയില്ല എന്നും ഒഴിവുകൾ വരുന്ന മുറക്ക് നിങ്ങൾക്ക് തിരിച്ച് സർവീസിലേക്ക് തിരിച്ചു വരാം എന്ന വിചിത്ര ഉത്തരവ് ഹയർ സെക്കണ്ടറി മേഖലയ്ക്ക് മേൽ ഇടിത്തീയായി മാറുന്നു. എയ്ഡഡ് ഹൈസ്കൂൾ അധ്യാപകരെ പ്രൊട്ടക്ട് ചെയ്യാൻ സർക്കാർ സ്കൂളുകളിലേക്ക് പുനർവിന്യസിച്ചതും 2018 ൽ എയ്ഡഡ് ഹയർ സെക്കണ്ടറി അധ്യാപകരെ സർവിസിൽ നിലനിർത്തിയ ചരിത്രം മുന്നിൽ നിൽക്കുമ്പോഴാണ് സർക്കാർ അധ്യാപകരെ തങ്ങളുടേതല്ലാത്ത തെറ്റിന് ക്രൂരമായി ശിക്ഷിക്കുന്ന കാടത്തം അരങ്ങേറുന്നത്. ഈ നീതിനിഷേധം അംഗീകരിക്കാനാവില്ല.
ഡിപ്പാർട്ട്മെന്റ് പി.എസ്.സി യെയും പി.എസ്. സി ഡിപ്പാർട്ട്മെന്റിനെയും കുറ്റപ്പെടുത്തുമ്പോൾ ഇരുട്ടിലാകുന്നത് പാവപ്പെട്ട ഇംഗ്ലീഷ് ജൂനിയർ അധ്യാപകരും അവരുടെ കുടുംബവും.
എൽ.പി.,യു.പി., ഹൈസ്കൂൾ സ്റ്റാഫ് ഫിക്സേഷൻ കഴിഞ്ഞാൽ ഇത്തരം അവസ്ഥ സംജാതമാവുന്നില്ല. എന്നാൽ ഹയർ സെക്കണ്ടറി അധ്യാപകർക്ക് മേൽ എന്നും വിചിത്ര ഉത്തരവുകളും അവസര നിഷേധവും തുടരുന്നു. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഹയർ സെക്കണ്ടറി മേഖലയോടുള്ള വെറുപ്പും അതു തകരുന്നതു കാണുമ്പോഴുള്ള ആനന്ദ നിർവൃതിയൊക്കെയാണോ ചിലരിൽ എന്ന സംശയം ബലപ്പെടുന്നു.
പതിനാറ് ഹയർസെക്കണ്ടറി മലയാളം സീനിയർ തസ്തിക ജൂനിയറായി തരം താഴ്ത്തിയതും ,
ഹൈസ്കൂൾ സർവിസുള്ള ഹയർ സെക്കണ്ടറി അധ്യാപകർക്ക് ലഭിച്ചിരുന്ന HM പ്രമോഷൻ അവസരം നിഷേധിച്ചതും ഒരു ദിവസം പോലും ഹയർ സെക്കണ്ടറി സർവീസ് ഇല്ലാത്ത HM ന് ആവശ്യമായ
പിരിയഡുകൾ ഇല്ലെങ്കിലും ഇനി പഠിപ്പിക്കേണ്ട വിഷയം ഇല്ലെങ്കിൽ പോലും പ്രിൻസിപ്പൽ പ്രമോഷൻ നൽകുന്നതുമൊക്കെ ചില
ഉദാഹരണങ്ങൾ മാത്രം.
ഇന്ന് മലയാളം, ഇംഗ്ലീഷ് വിഷയക്കാർ അനുഭവിക്കുന്ന നീതി നിഷേധം ബാക്കിയുള്ള വിഷയങ്ങളിലേക്കും ഏറെ താമസിയാതെ കടന്നുവരും എന്നു മനസ്സിലാക്കുക.
110 ഇംഗ്ലീഷ് ജൂനിയർ അധ്യാകരുടെ വിഷയത്തിൽ HSSTA ശക്തമായി ഇടപെടുകയാണ്.
ഇന്ന് മാർച്ച് 27 തിങ്കൾ സെക്രട്ടറിയേറ്റിനു മുന്നിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിക്കുകയാണ്. കേരളത്തിന്റെ ബഹുമാന്യനായ പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ ഉപവാസം ഉദ്ഘാടനം ചെയ്യും . വിദ്യാഭ്യാസ – സാമൂഹ്യ – രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിക്കും.
നേരിട്ട് പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും എല്ലാവരുടെയും മാനസിക പിന്തുണ തുടർന്നും പ്രതീക്ഷിച്ചു കൊളളുന്നു.
സർക്കാർ മേഖലയിലെ ഹയർ സെക്കണ്ടറി അധ്യാപകർക്കൊപ്പം HSSTA മാത്രമെന്ന് നിരന്തരം തെളിയിക്കപ്പെടുകയാണ്. പോരാട്ട വഴികളിൽ കനലായ് നിങ്ങളുമുണ്ടാകണം. പോരാട്ടങ്ങൾ അവസാനിക്കുന്നില്ല .
അഭിവാദ്യങ്ങളോടെ
HSSTA സംസ്ഥാന കമ്മിറ്റി.