പ്ലസ് ടു ബാച്ച് പുനക്രമീകരണ കമ്മിറ്റിയുടെ സിറ്റിങ്ങ് – മാർച്ച് 27ന് കോഴിക്കോട്, ശിക്ഷക് സദനിൽ..
മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് ടു പ്രവേശനം സാധ്യമാകുംവിധം നിലവിലെ ബാച്ചുകൾ പുനക്രമീകരിക്കുന്നത് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച സമിതിയുടെ മേഖലാ സിറ്റിങ് 22ന് ആരംഭിക്കും. അന്ന് കോഴിക്കോട് ചിന്താവളപ്പിലെ ശിക്ഷക് സദനിലെ സിറ്റിങ്ങിൽ കാസർകോട്, കണ്ണൂർ, വയ നാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലുള്ളവർക്ക് പങ്കെടുക്കാം. ഏപ്രിൽ ഒന്നിന് എറണാകുളം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകൾക്കും. ഏപ്രിൽ മൂന്നിന് തിരുവനന്തപുരം സി മാറ്റ് ആസ്ഥാനത്ത് (അട്ടക്കുളങ്ങര) പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകൾക്കുവേണ്ടിയും സിറ്റിങ് നടത്തും.
ഈ വർഷത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശന നടപടികൾ പൂർത്തിയായപ്പോൾ സർക്കാർ സ്കൂളിലെ 92 ബാച്ചിലും 16 എയ്ഡഡ് സ്കൂളുകളിലെ ബാച്ചുകളിലും 25-ൽ താഴെ വിദ്യാർഥികളേ ചേർന്നിട്ടുള്ളു. ഇവ മതിയായ എണ്ണം കുട്ടികളില്ലാത്ത ബാച്ചുകളാണെന്ന് കണ്ടെത്തി. എന്നാൽ പലയിടത്തും ആവശ്യമായ സീറ്റ് ഇല്ലാത്തതിനാൽ പ്രവേശനത്തിന് കുട്ടികൾ പ്രയാസപ്പെടുന്ന സാഹചര്യവുമുണ്ട്.
അടുത്ത വർഷം ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശന നടപടികൾ ആരംഭിക്കുന്നതിനു മുമ്പുതന്നെ പ്രശ്നപരിഹാരത്തിനാണ് സർക്കാർ ശ്രമം. പ്രൊഫ. വി കാർത്തികേയൻ നായർ ചെയർമാനായ സമിതി ഇത് സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. ഏകജാലക പ്രവേശന രീതികളിൽ മാറ്റങ്ങൾ ആവശ്യമുണ്ടോ എന്നതും സമിതി പരിശോധിക്കും. അഭിപ്രായങ്ങൾ നേരത്തെ സമർപ്പിച്ചവർ സിറ്റിങ്ങിൽ വരണമെന്നില്ല. മാനേജുമെന്റുകൾക്കും പിടിഎ കൾക്കും ജന പ്രതിനിധികൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും അധ്യാപക സംഘടനകൾക്കും ആവശ്യങ്ങളും നിർദേശങ്ങളും അറിയിക്കാം.
Read more @