☀️☀️☀️☀️☀️☀️☀️☀️
പ്രിയപ്പെട്ട ഹയർ സെക്കന്ററി അദ്ധ്യാപകരെ,
കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയുടെ അലകും പിടിയും വേർപെടുത്തുന്ന നിർദ്ദേശങ്ങളടങ്ങിയ ഖാദർ കമ്മറ്റി റിപ്പോർട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് FHSTA യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പ്രക്ഷോഭങ്ങളുടെ മുന്നോടിയായി മാർച്ച് 15 ബുധനാഴ്ച നടത്തുന്ന സെക്രട്ടറിയേറ്റ് ധർണ്ണയിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
ഹയർ സെക്കണ്ടറി മേഖലയുടെ അസ്ഥിവാരം തോണ്ടുക എന്ന ലക്ഷ്യത്തോടെ 2006 ൽ ആരംഭിച്ച ഒരു യജ്ഞത്തിനാണ് ഒരു തുടർഭരണത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ അവസാന കോപ്പും കൂട്ടുന്നത്. വികേന്ദ്രീകരിച്ച് ശക്തിപ്പെടുത്തുക എന്ന നവലോക സിദ്ധാന്തം പൂഴ്ത്തി വച്ച് ഹൈസ്കൂൾ – ഹയർ സെക്കന്ററി ലയനം നടപ്പിലാക്കി പൊതു വിദ്യാഭ്യാസത്തിന്റെ നിലവാരം തകർക്കുന്നതിനും , അക്കാദമിക താല്പര്യത്തിനും മേലെയാണ് രാഷ്ട്രീയ താല്പര്യമെന്ന കേഡർ സംഹിത നടപ്പിലാക്കാനും ശ്രമിക്കുന്ന ഇടത് ഭരണ ഭീകരതയ്ക്ക് എതിരെ നമ്മൾ ശക്തിയുക്തം പോരാടേണ്ട സമയമാണ് സംജാതമായിരിക്കുന്നത്. ഒറ്റക്കെട്ടായുള്ള സമരമാണ് ഈ ജനാധിപത്യവിരുദ്ധ – ഏകാധിപത്യ നീക്കത്തിനെതിരെ കാലം ആവശ്യപ്പെടുന്നത്.
സ്കൂൾ ഭരണം പഞ്ചായത്തുകളെ ഏൽപ്പിക്കാനും , ഹയർ സെക്കന്ററി മേഖലാ ആഫീസുകൾ ഇല്ലാതാക്കാനും , ഹയർ എടുത്തു കളഞ്ഞ് നമ്മെ സെക്കന്ററി അദ്ധ്യാപകരായി തരം താഴ്ത്താനും, വരുംകാലങ്ങളിൽ ശമ്പളത്തിൽ വലിയ അന്തരം വരുത്താനും, പ്രമോഷനുകൾ മുഴുവനും പൊതു സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ ഹൈസ്കൂൾ തലത്തിലേക്ക് കേന്ദ്രീകരിക്കാനും , പ്രിൻസിപ്പൽ തസ്തികകൾ പൊതുസീനിയോറിറ്റി വച്ച് ഹയർ സെക്കണ്ടറിക്കാരിൽ നിന്നും തട്ടിയെടുക്കാനും, നിലവിലെ സ്റ്റാറ്റസ്കോ അട്ടിമറിച്ച് സ്കൂളുകളിൽ പുതിയ അധികാര കേന്ദ്രങ്ങൾ കൊണ്ടുവരാനും, നിലവിൽ തുടരുന്ന ഹയർ സെക്കണ്ടറി വിരുദ്ധതയെ ഒന്നുകൂടി ജ്വലിപ്പിക്കാനുമുള്ള തന്ത്രങ്ങളാണ് ലയന ശാലയിൽ ഒരുങ്ങുന്നത്. ഇതിനായി ഇടതുപക്ഷ സഹയാത്രികരെ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സെൽ രൂപീകരിച്ച് അണിയറ പ്രവർത്തനങ്ങൾ നടത്തുന്നു. അതുകൊണ്ടു തന്നെ ഖാദർ കമ്മറ്റി റിപ്പോർട്ടെന്ന ഹയർ സെക്കണ്ടറി വിരുദ്ധ വാറോല നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ നമുക്ക് ഇനിയും കൈയും കെട്ടി നോക്കി നിൽക്കാനാവില്ല.
സീനിയർ പ്രമോഷൻ ലഭിച്ച സോഷ്യോളജി അധ്യാപികയെ ജൂനിയറായി തരം താഴ്ത്താൻ ശ്രമിച്ചപ്പോൾ , 16 സീനിയർ മലയാളം തസ്തിക ജൂനിയറാക്കിയപ്പോൾ , 110 ഇംഗ്ലീഷ് ജൂനിയർ തസ്തിക ഇല്ലാതാക്കാൻ ഉത്തരവിറക്കിയപ്പോൾ , ഏഴുവർഷമായിട്ടും ജൂനിയർ അധ്യാപകരുടെ സമയബന്ധിത പ്രമോഷനിൽ ഉത്തരവ് ഇറക്കാൻ മടിക്കുമ്പോൾ , പ്രിൻസിപ്പൽ ഓഫീസിലേക്ക് ഒരു തൂപ്പുകാരനെപ്പോലും നൽകാതെ നരകിപ്പിക്കുമ്പോൾ ഇപ്പറയുന്ന ഏകീകരണവാദികൾക്ക് ശബ്ദം നഷ്ടപ്പെടുന്നതു തന്നെ ലയനമെന്നത് ആർക്കുവേണ്ടി മാത്രമാണെന്നതിന്റെ തെളിവാണ്.
ഹൈസ്കൂൾ – ഹയർസെക്കണ്ടറി ലയനത്തിന്റെ അക്കാദമിക താല്പര്യം വിശദീകരിക്കാൻ റിപ്പോർട്ട് തയ്യാറാക്കിയവർക്കുപോലും സാധിച്ചിട്ടില്ല. കോവിഡാനന്തര കാലഘട്ടത്തിൽ നമ്മുടെ വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് പ്രായത്തിനനുസരിച്ച് സവിശേഷ ശ്രദ്ധ നൽകേണ്ട സാഹചര്യത്തിലാണ് പ്രൈമറിയും സെക്കണ്ടറിയും ഹയർസെക്കണ്ടറിയുമെല്ലാം ലയിപ്പിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരു ഈജിയൻ തൊഴുത്താക്കി മാറ്റാനുള്ള ശ്രമം നടക്കുന്നത്. പാഠ്യക്രമത്തിന്റെയും പദ്ധതിയുടെയും അടിസ്ഥാനത്തിൽ ഓരോ വിഭാഗത്തിനും ഒരുക്കേണ്ട ഭൗതികവും ബൗദ്ധികവുമായ പരിസരം വ്യത്യസ്തമാണെന്നിരിക്കെ ഖാദർ കമ്മറ്റി വിഭാവനം ചെയ്യുന്ന സർവ്വാണി സദ്യ കേരളത്തിലെ കുട്ടികളുടെ ഭാവി തന്നെ തുലക്കുന്നതായി മാറുമെന്നതിൽ സംശയം വേണ്ട. ദേശീയ തലത്തിൽ കേരളത്തിലെ കുട്ടികൾ പിന്നോട്ടു പോകും. അങ്ങനെ കുട്ടികൾ പൊതുവിദ്യാലയങ്ങളെ കൈയൊഴിയുന്ന സാഹചര്യം സംജാതമാവുമ്പോൾ ഹയർസെക്കണ്ടറി മേഖല കൂടി തകർന്നു തരിപ്പണമാവും.
കേന്ദ്ര വിദ്യാഭ്യാസ നയവും ഖാദർ കമ്മറ്റി ശുപാർശയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളായി എതിർക്കപ്പെടേണ്ടതാണ്. നിലവിൽ മികച്ച രീതിയിൽ മുന്നോട്ടു പോവുന്ന ഹയർ സെക്കണ്ടറി മേഖലയെ അസ്വാരസ്യങ്ങളാൽ കലുഷിതമാക്കാൻ ആർക്കാണിത്ര താല്പര്യം ?
ഒരു മേഖലയെ തന്നെ തകർത്ത് തരിപ്പണമാക്കാനുള്ള ഏകീകരണമെന്ന രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനുള്ള തികച്ചും ജനാധിപത്യ വിരുദ്ധമായതും രാഷ്ട്രീയ ലാഭം ലക്ഷ്യമാക്കിയുള്ളതുമായ നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കാൻ ആത്മാഭിമാനമുള്ള മുഴുവൻ ഹയർ സെക്കണ്ടറി അധ്യാപകരും തയ്യാറാവണം. ഹയർസെക്കണ്ടറി മേഖലയുടെ നാശത്തിന് നാന്ദിയാകുന്ന ഖാദർ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് തുടർ പ്രക്ഷോഭത്തിലേക്ക് അധ്യാപകർ കടക്കുകയാണ്. ഇതിന് മുന്നോടിയായി മാർച്ച് 15 ന് നടക്കുന്ന സെക്രട്ടറിയറ്റ് മാർച്ച് വിജയിപ്പിക്കുന്നതിനും നമ്മുടെ മേഖലയെ ജീവസ്സോടെ നിലനിർത്താൻ ലയനവിരുദ്ധ ചേരിയിൽ അണിനിരന്ന് തുടർ പ്രക്ഷോഭങ്ങളിൽ മുന്നണിപ്പോരാളികളാവാനും എല്ലാ അധ്യാപക സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നു.
FHSTA സംസ്ഥാന കമ്മറ്റി
✨✨✨✨✨✨✨✨✨
AHSTA HSSTA KAHSTA KHSTU