പ്ലസ് വൺ പരീക്ഷയ്ക്ക് ചോദ്യങ്ങൾ ചുവപ്പു നിറത്തിൽ; ‘ചുവപ്പിനെന്താണ് കുഴപ്പ’മെന്ന് മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാപേപ്പറിൽ പുതിയ പരിഷ്‌ക്കരണം. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കറുപ്പ് നിറത്തിനു പകരം ചുവപ്പു നിറത്തിലാണ് ചോദ്യങ്ങൾ അച്ചടിച്ചത്. ഇതിനോട് വിദ്യാർത്ഥികൾ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിച്ചു. ചുവപ്പു നിറം പ്രശ്‌നമില്ലെന്ന് ഒരു വിഭാഗം വിദ്യാർത്ഥികൾ പ്രതികരിച്ചപ്പോൾ അക്ഷരങ്ങൾ വായിക്കാൻ ബുദ്ധിമുട്ടുള്ളതായും മറ്റൊരു വിഭാഗം അറിയിച്ചു.
അതേസമയം, ചുവപ്പു നിറത്തിന് എന്താണ് കുഴപ്പമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ചോദ്യം. പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ ഒരുമിച്ചു നടക്കുന്നതിനാൽ ചോദ്യപേപ്പർ മാറാതിരിക്കാനാണ് നിറം മാറ്റിയതെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന വിശദീകരണം.
4,25,361 വിദ്യാർത്ഥികൾ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയും 4,42,067 വിദ്യാർഥികൾ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയും എഴുതുന്നുണ്ട്. ആകെ പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം 2,023. ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 10ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും.
ഹയർ സെക്കൻഡറി തലത്തിൽ ഏപ്രിൽ 3 മുതൽ മേയ് ആദ്യ വാരം വരെ മൂല്യനിർണയ ക്യാംപുകൾ ഉണ്ടായിരിക്കും. 80 മൂല്യനിർണയ ക്യാംപുകൾ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്.