ഖാദർ കമ്മറ്റി റിപ്പോർട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് എച്ച് എസ് എസ് ടി എ സെക്രട്ടറിയറ്റ് ധർണ്ണ


തിരു: പൊതു വിദ്യാഭ്യാസ മേഖലയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഹൈസ്കൂൾ – ഹയർ സെക്കണ്ടറി ഏകീകരണം ശുപാർശ ചെയ്യുന്ന ഖാദർ കമ്മറ്റി റിപ്പോർട്ട് തള്ളിക്കളയണമെന്നും ജീവനക്കാരുടെ തടഞ്ഞുവച്ച ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സെക്രട്ടറിയറ്റ് നടയിൽ ധർണ്ണ നടത്തി. ഹയർ സെക്കണ്ടറി മേഖലയെയും പൊതു വിദ്യാഭ്യാസത്തെയും തകർക്കുന്ന രീതിയിൽ ഭരണപക്ഷ അധ്യാപക സംഘടനയുടെ താല്പര്യം മാത്രം മുൻ നിർത്തി നടത്തുന്ന ഏകീകരണം അനുവദിക്കാനാവില്ലെന്നും ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്നും ധർണ്ണ ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
ജീവനക്കാർക്ക് കുടിശ്ശികയായ നാലുഗഡു ക്ഷാമബത്ത അനുവദിക്കാതെയും ലീവ് സറണ്ടർ, എച്ച് ബി എ, മെഡിക്കൽ റിഇംബഴ്സ്മെന്റ് എന്നീ ആനുകൂല്യങ്ങൾ മരവിപ്പിച്ചും മുന്നോട്ടു പോകുന്ന സർക്കാർ, മെഡിസെപ്പ് പദ്ധതി പ്രഹസനമാക്കുന്ന നടപടി തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹയർസെക്കണ്ടറി ജൂനിയർ അധ്യാപകരുടെ സമയബന്ധിത സ്ഥാനക്കയറ്റ പ്രശ്നം പരിഹരിക്കാതെയും ഹയർ സെക്കണ്ടറി അധ്യാപകരുടെ പ്രിൻസിപ്പൽ പ്രമോഷൻ അട്ടിമറിച്ചും സർക്കാർ നടത്തുന്ന കബളിപ്പിക്കൽ അവസാനിപ്പിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. ടി. സിദ്ധീഖ് എം എൽ എ ആവശ്യപ്പെട്ടു.
പരീക്ഷാ – മൂല്യനിർണ്ണയ ജോലികളുമായി ബന്ധപ്പെട്ട് അധ്യാപകരെ പീഡിപ്പിക്കുന്ന നിലപാട് അനുവദിക്കാനാവില്ലെന്നും പങ്കാളിത്ത പെൻഷനിൽ നൽകിയ വാഗ്ദാനം പാലിക്കണമെന്നും എച്ച് എസ് എസ് ടി എ സംസ്ഥാന നേതാക്കൾ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം ജോർജ് സ്വാഗതമാശംസിച്ചു. സംസ്ഥാന പ്രസിഡന്റ് കെ ആർ മണികണ്ഠൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെറ്റോ കൺവീനർ പ്രദീപ് സി, എഫ് എച്ച് എസ് ടി എ ചെയർമാൻ ആർ അരുൺ കുമാർ, ഒ ടി പ്രകാശ്, സുഭാഷ് ചന്ദ്രൻ, ഡോ. കെ അനിൽകുമാർ, ഡോ. മുഹമ്മദലി, രാജീവ്, റോയിച്ചൻ ഡൊമനിക്ക്, പി രാധാകൃഷ്ണൻ , എം റിയാസ്, ടി എസ് ഡാനിഷ്, കെ സദാശിവൻ, കെ. സുജാത, അയിര സുനിൽകുമാർ, ഡോ. വി അബ്ദുസമദ്, കോശി മാത്യു തുടങ്ങിയവർ സംസാരിച്ചു..
സെക്രട്ടേറിയറ്റ് ധർണ്ണയുടെ കൂടുതൽ ഫോട്ടോകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക