ഹയർ സെക്കണ്ടറി സംരക്ഷണ ദിനവും സംരക്ഷണ സദസ്സും

പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ഉണർവും ഓജസും നൽകിയ ഹയർസെക്കൻഡറി മേഖലയോട് തുടർന്നുവരുന്ന അവഗണനയുടെയും വൈരാഗ്യത്തിന്റെയും ഭാഗമായാണ് ഹൈസ്കൂൾ – ഹയർസെക്കൻഡറി ലയന നീക്കം.

പാർശ്വവൽകൃത ഭരണപരിഷ്കാരങ്ങൾ നിർദ്ദേശിക്കുന്ന ഒന്നാം ഭാഗം മാത്രം പ്രസിദ്ധീകരിക്കുകയും ഗുണപരമായ മാറ്റങ്ങൾ നിർദ്ദേശിക്കേണ്ട രണ്ടാം ഭാഗം തയ്യാറാക്കാൻ, നാളിതുവരെ കഴിയാത്തതുമായ ഖാദർ കമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള KER പരിഷ്കരണം, ആസൂത്രിതവും ദുരുദ്ദേശപരവും ആണ്.

പിറവികൊണ്ട് മൂന്നു പതിറ്റാണ്ട് കഴിഞ്ഞിട്ടും, ഓഫീസ് ജീവനക്കാരോ ജില്ലാതല ഓഫീസോ ഇല്ലാതെ പ്രവർത്തിക്കുന്ന ഹയർസെക്കൻഡറി, പൊതുവിദ്യാഭ്യാസ മേഖലയുടെ തിലകക്കുറിയായി മാറിയെങ്കിൽ, അതിന് കാരണം വെല്ലുവിളികളെ ഉത്തരവാദിത്വബോധത്തോടെ ഏറ്റെടുത്ത അർപ്പണബോധമുള്ള ഹയർസെക്കൻഡറി അധ്യാപകർ ആണെന്ന് നമ്മൾ തിരിച്ചറിയുന്നു.

അതുകൊണ്ടു തന്നെ ഹയർ സെക്കണ്ടറിയുടെ ഗുണപരമായ നേട്ടങ്ങളെ തമസ്ക്കരിച്ച് കേവല രാഷ്ട്രീയം മാത്രം മനസ്സിൽ വച്ചു കൊണ്ടുള്ള ലയന ചിന്തകളും പ്രവർത്തനങ്ങളും ഇന്നുവരെ നാം നേടിയ വിദ്യാഭ്യാസ പുരോഗതിയെ സർവ്വനാശത്തിലേക്ക് നയിക്കുന്നതാണ്.

ഇതിനെതിരെ പൊതു സമൂഹത്തോടൊപ്പം നമ്മളും പൂർണ്ണ സജ്ജരാകേണ്ടതുണ്ട്.

ഘടനാപരമായ വൈകല്യങ്ങളുള്ളതും, വിദ്യാഭ്യാസ ലക്ഷ്യങ്ങളെ അട്ടിമറിക്കുന്നതുമായ ഖാദർ കമ്മിറ്റി നിർദേശങ്ങൾ തള്ളിക്കളയണമെന്നും അശാസ്ത്രീയ പരിഷ്ക്കരണങ്ങൾ ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നാളെ കേരളമാകെ സ്കൂളുകളിൽ ഹയർസെക്കണ്ടറി സംരക്ഷണ ദിനമായി ആചരിക്കുകയാണ്.
ഇതിനോടനുബന്ധിച്ച് വൈകിട്ട് നാലു മണിക്ക് ജില്ലാ കേന്ദ്രങ്ങളിൽ ഹയർസെക്കണ്ടറി സംരക്ഷണ സദസ്സ് നടക്കും. വിദ്യാഭ്യാസ – സാംസ്കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിക്കും. സംരക്ഷണ ദിനാചരണത്തിൽ ഹയർ സെക്കണ്ടറി മേഖലയുടെ കരുത്തായ മുഴുവൻ അധ്യാപകരുടെയും കക്ഷിരാഷ്ട്രീയത്തിനതീതമായ സഹകരണം പ്രതീക്ഷിച്ചു കൊണ്ട്..

ഫെഡറേഷൻ ഓഫ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻസ് – എഫ് എച്ച് എസ് ടി എ

✨✨✨✨✨✨✨✨

Author: hsstaplus

Recognized as per Order Number – GO (MS) 22/2011 P & ARD Dated 18/07/2011