
തിരുവനന്തപുരം: നവംബർ ഒന്ന് മുതൽ സ്കൂൾ തുറക്കാനുള്ള വിശദമായ മാർഗരേഖ വിദ്യാഭ്യാസ, ആരോഗ്യവകുപ്പുകളുടെ വിശദ ചർച്ചക്ക് ശേഷം പുറത്തിറക്കും. ഇതിനായി ഇരുവകുപ്പിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും യോഗം വൈകാതെ ചേരും. കഴിഞ്ഞ ജനുവരിയിൽ പൊതുപരീക്ഷയുടെ മുന്നോടിയായി പത്ത്, പ്ലസ് ടു ക്ലാസുകളിലെ കുട്ടികളെ സ്കൂളുകളിലെത്തിച്ച് മൂന്ന് മാസത്തിലേറെ റിവിഷൻ ക്ലാസുകൾ നടത്തിയിരുന്നു. ഇതിനായി വിദ്യാഭ്യാസ, ആരോഗ്യവകുപ്പുകൾ മാർഗരേഖ തയാറാക്കിയിരുന്നു.
എന്നാൽ ആദ്യഘട്ടത്തിൽ ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ കുട്ടികളെ നവംബർ ഒന്ന് മുതൽ സ്കൂളിലെത്തിക്കാനുള്ള തീരുമാനം നടപ്പാക്കുന്നതാണ് പ്രധാന വെല്ലുവിളി. ഇൗ കുട്ടികൾക്കിടയിൽ കോവിഡ് പ്രോേട്ടാകോളും സാമൂഹിക അകലവും ഉറപ്പുവരുത്തുന്നത് ശ്രമകരമായ ജോലിയായിരിക്കും. അതിനാൽ നേരേത്ത തയാറാക്കിയതിനെക്കാൾ കൂടുതൽ കർശനമായ മാർഗരേഖയായിരിക്കും പ്രൈമറി ക്ലാസുകൾ തുറക്കുന്ന സാഹചര്യത്തിൽ തയാറാക്കുക.
പത്ത്, 12 ക്ലാസുകളിലെ കുട്ടികളെ സ്കൂളുകളിലെത്തിക്കുന്നതിന് കാര്യമായ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് അധ്യാപകർ ഉൾപ്പെടെയുള്ളവർ പറയുന്നത്. പ്രൈമറി ക്ലാസുകളിലും കുട്ടികളെ ബാച്ചുകളായി തിരിച്ച് സ്കൂളുകളിലെത്തിക്കാൻ തന്നെയാണ് ആലോചന. ഒക്ടോബർ നാല് മുതൽ കോളജുകളിൽ അവസാന വർഷ ഡിഗ്രി ക്ലാസുകൾ 50 ശതമാനം കുട്ടികളുള്ള ബാച്ചുകളാക്കി ഒന്നിടവിട്ട ദിവസങ്ങളിൽ അധ്യയനം നടത്താൻ നേരേത്ത തീരുമാനിച്ചിട്ടുണ്ട്. ഇതെ രീതിയായിരിക്കും ആദ്യഘട്ടത്തിൽ സ്കൂളുകൾ തുറക്കുേമ്പാഴും പിന്തുടരുക. കുട്ടികളുടെ യാത്രാക്രമീകരണം ഉൾപ്പെടെ കാര്യങ്ങളിൽ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ യോഗത്തിന് ശേഷം മാർഗരേഖ തയാറാക്കാനാണ് തീരുമാനം. കുട്ടികളിലോ അധ്യാപകരിലോ കോവിഡ് ബാധ കണ്ടെത്തിയാൽ സ്വീകരിക്കേണ്ട നടപടികൾ ഉൾപ്പെടെയുള്ളവ മാർഗരേഖയിൽ ഉൾപ്പെടുത്തും. ഒക്ടോബർ നാല് മുതൽ കോളജുകൾ തുറന്ന ശേഷമുള്ള സാഹചര്യം സൂക്ഷ്മമായി വിലയിരുത്തും. ഇതിന് ശേഷമായിരിക്കും സ്കൂൾ തുറക്കുന്നതിനുള്ള മാർഗരേഖക്ക് അന്തിമ രൂപം നൽകുക.