
തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശന പോർട്ടൽ മന്ദഗതിയിലായതോടെ, ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ച് രണ്ട് ദിവസം പിന്നിട്ടിട്ടും ഫലം പരിശോധിക്കാനാകാതെ രണ്ടുലക്ഷത്തോളം വിദ്യാർഥികൾ. 4.64 ലക്ഷം പേർ അപേക്ഷിച്ചതിൽ ചൊവ്വാഴ്ച വൈകീട്ട് വരെ 2.72 ലക്ഷം പേർക്കാണ് അലോട്ട്മെൻറ് ഫലം പരിശോധിക്കാൻ കഴിഞ്ഞത്. 47908 പേർ മാത്രമാണ് അപേക്ഷ/ഓപ്ഷനുകളിൽ തിരുത്തലുകൾ വരുത്തിയത്.
തിങ്കളാഴ്ച രാവിലെ ഒമ്പതിന് അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും അതിന് മുമ്പെ ഞായറാഴ്ച അർധരാത്രിയോടെ അലോട്ട്മെൻ്റ് പോർട്ടലിൽ ലഭ്യമാക്കി. എന്നാൽ, തിങ്കളാഴ്ച രാവിലെമുതൽ വിദ്യാർഥികൾ കൂട്ടത്തോടെ പോർട്ടലിൽ കയറിയതോടെ പോർട്ടൽ പണിമുടക്കി. ഉച്ചവരെ കുറച്ച് പേർക്ക് മാത്രമാണ് അലോട്ട്മെൻറ് ഫലം അറിയാൻ കഴിഞ്ഞത്. ആയിരക്കണക്കിന് വിദ്യാർഥികൾ ട്രയൽ ഫലം അറിയാനും തിരുത്തലുകൾക്കുമായി സ്കൂൾ ഹെൽപ് ഡെസ്ക്കുകളിലും ഇൻറർനെറ്റ് കഫെകളിലും കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം.
പ്ലസ് വൺ അപേക്ഷകൾക്കുവേണ്ടി നാലും ഡാറ്റാബേസിനായി രണ്ടും സെർവറുകളാണ് പോർട്ടൽ പരിപാലിക്കുന്ന എൻ.ഐ.സി ഉപയോഗിക്കുന്നത്. 4.64 ലക്ഷം പേർ അപേക്ഷകരുള്ളതിനാൽ ഒരേസമയം പതിനായിരക്കണക്കിന് പേരാണ് പോർട്ടലിൽ പ്രവേശിച്ചത്. പോർട്ടലിൻ്റെ പ്രവർത്തനം മന്ദഗതിയിലായതോടെ അധിക സെർവറുകൾ ക്രമീകരിക്കാൻ ഐ.ടി മിഷൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ബുധനാഴ്ച രാവിലെയോടെ പുതിയ സെർവർകൂടി ഇതിനായി നീക്കിവെച്ചും നിലവിലുള്ളവയുടെ ബാൻഡ് വിഡ്ത് വർധിപ്പിച്ചും പ്രശ്നം പരിഹരിക്കാനാണ് എൻ.ഐ.സിയുടെ ശ്രമം. കൂടുതൽ അപേക്ഷകരുള്ള മലപ്പുറം ജില്ലയിൽ 39,331 പേർക്ക് മാത്രമാണ് രണ്ടുദിവസം പിന്നിട്ടിട്ടും അലോട്ട്മെൻറ് പരിശോധിക്കാൻ കഴിഞ്ഞത്. മലപ്പുറത്ത് 77,668 ആണ് മൊത്തം അപേക്ഷകർ.
നിലവിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചുവരെയാണ് ട്രയൽ അലോട്ട്മെൻറ് പരിശോധിക്കാനും തിരുത്തൽ വരുത്താനും സമയമനുവദിച്ചത്. ഇത് ഒരുദിവസം കൂടി ദീർഘിപ്പിക്കുന്നത് പരിഗണനയിലാണ്. നിലവിലുള്ള ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും പുതിയവ കൂട്ടിച്ചേർക്കാനും ഒഴിവാക്കാനും ഈ ഘട്ടത്തിൽ അവസരമുണ്ട്.
Congrats Cyber Team