
ഹയർ സെക്കന്ററി പ്രവേശനത്തിനുള്ള അപേക്ഷ ഓൺലൈനായി ഓഗസ്റ്റ് 24 മുതൽ സമർപ്പിക്കാം. http://www.admission.dge.kerala.gov.in/ എന്ന വെബ് പോർട്ടലിലൂടെ ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഫീസ് 25 /- രൂപയാണ്. ഫീസ് അഡ്മിഷൻ സമയത്ത് അഡ്മിഷൻ ലഭിച്ച സ്കൂളിൽ നൽകണം. ഏകജാലകത്തിലൂടെ അഡ്മിഷൻ ലഭിക്കുന്നതിന് ഒരു ജില്ലയിലെ എല്ലാ സ്കൂളിലേക്കും കൂടി ഒരു ഓൺലൈൻ അപേക്ഷ സമർപ്പിച്ചാൽ മതി. അപേക്ഷകന്റെ താല്പര്യാനുസരണം ഓപ്‌ഷനുകൾ നൽകാം. പ്രവേശനം ആഗ്രഹിക്കുന്ന സ്കൂളും ആ സ്കൂളിലെ ഇഷ്ടപ്പെട്ട സബ്ജക്ട് കോമ്പിനേഷനും മുൻഗണനാക്രമത്തിൽ കൊടുക്കേണ്ടതുണ്ട്. അലോട്ട്മെന്റ് വരുമ്പോൾ ഒന്നാമത്തെ ഓപ്ഷൻ ലഭിച്ചാൽ നിർബന്ധമായും സ്ഥിര പ്രവേശനം നേടണം. കൂടുതൽ മെച്ചപ്പെട്ട ഓപ്ഷൻ പ്രതീക്ഷിക്കുന്നെങ്കിൽ താൽക്കാലിക പ്രവേശനം നേടിയാൽ മതി.
അപേക്ഷകന് പഠിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സ്കൂളും ആ സ്കൂളിലെ ഇഷ്ടപ്പെട്ട സബ്ജക്ട് കോമ്പിനേഷനുമാണ് ഒന്നാമത്തെ ഓപ്ഷനായി നല്കേണ്ടത്. ഒന്നാമത് ചോദിച്ച സ്‌കൂകളിലെ ഇഷ്ടപ്പെട്ട കോമ്പിനേഷൻ ലഭിക്കുന്നില്ലെങ്കിൽ, അടുത്തതായി പരിഗണിക്കേണ്ട സ്കൂളും കോമ്പിനേഷനും രണ്ടാമത്തെ ഓപ്ഷനായി നൽണം. ഇങ്ങനെ കൂടുതൽ പരിഗണന നല്കുന്ന സ്കൂളുകൾ ആദ്യമാദ്യം വരുന്ന രീതിയിൽ സൗകര്യപ്രദമായ സ്കൂളുകളും ഇഷ്ടപ്പെട്ട കോമ്പിനേഷനുകളും നല്കുക. ഒരിക്കലും പരിഗണന കുറഞ്ഞ സ്കൂളുകളും കോമ്പിനേഷനുകളും ആദ്യ ഓപ്ഷനായി നല്കരുത്.
ആദ്യം ഇഷ്ടവിഷയങ്ങളുള്ള സമീപ പ്രദേശത്തെ സ്കൂളുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കണം. അതിനുശേഷം ഈ സ്കൂളുകളെയും കോഴ്സുകളെയും അപേക്ഷകന്റെ മുൻഗണനയനുസരിച്ച് ക്രമീകരിക്കുക. സ്കൂൾ, സബ്ജക്ട് കോമ്പിനേഷൻ, മുൻഗണന എന്നിവ പലപ്രാവശ്യം ഉറപ്പുവരുത്തിയ ശേഷം മാത്രം ഓൺലൈൻ അപേക്ഷ നൽകുക.സ്കൂൾ കോഡുകളും കോമ്പിനേഷൻ കോഡുകളും പ്രോസ്പെക്ടസ് പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം മാത്രം ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുക. ഒരിക്കലും അപേക്ഷകൻ ആവശ്യപ്പെടാത്ത ഒരു സ്കൂളിലേക്കും ഏകജാലക സംവിധാനം വഴി അലോട്ട്മെന്റ് നല്കില്ല. അതിനാൽ അപേക്ഷകന് യാത്രാസൗകര്യമുള്ള സ്കൂളുകളുടെ പേരും അഡ്രസ്സും കോഡും നന്നായി ഉറപ്പുവരുത്തിയ ശേഷം മാത്രം അപേക്ഷ നൽകുക. ചില സ്കൂളുകളുടെ പേരുകൾക്ക്/സ്ഥലപ്പേരുകൾക്ക് സാദൃശ്യങ്ങൾ ഉണ്ടാകും. അതിനാൽ അത്തരം സ്കൂളുകൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക
അപേക്ഷകൻ നല്കിയ ഏതെങ്കിലും ഒരു ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചാൽ അലോട്ട് ചെയ്ത ഓപ്ഷന് ശേഷമുള്ള എല്ലാ ഓപ്ഷനുകളും (ലോവർ ഓപ്ഷനുകൾ) തനിയെ റദ്ദാകും. എന്നാൽ അലോട്ട് ചെയ്ത ഓപ്ഷന് മുകളിലുള്ള ഓപ്ഷനുകൾ (ഹയർ ഓപ്ഷനുകൾ) സ്ഥിരപ്രവേശനം നേടുന്നത് വരെ നിലനില്ക്കും. ആവശ്യമുള്ള പക്ഷം തിരഞ്ഞെടുത്ത ഹയർ ഓപ്ഷനുകൾ മാത്രമായി ക്യാൻസൽ ചെയ്യാവുന്നതാണ്. ഇതിനായി അലോട്ട്മെന്റ് ലഭിച്ച ശേഷം അപേക്ഷ നൽകണം.
ആവശ്യമുള്ള പക്ഷം എത്ര ഓപ്ഷനുകൾ വേണമെങ്കിലും നൽകാം. എന്നാൽ പഠിക്കാൻ താൽപര്യമുള്ളതും യാത്രാ സൗകര്യമുള്ളതുമായ സ്കൂളുകൾ മാത്രം ഓപ്ഷനുകളായി നൽകുക. അലോട്ട്മെന്റ് ലഭിക്കുന്ന സ്കൂളിൽ താല്ക്കാലികമോ സ്ഥിരമോ ആയ പ്രവേശനം നേടണം. ഇല്ലെങ്കിൽ അപേക്ഷകൻ ‘നോൺ ജോയിൻ’ ആയി റിപ്പോർട്ട് ചെയ്യപ്പെടും. തുടർന്നുള്ള അലോട്ട്മെന്റിൽ ഇവരെ പരിഗണിക്കില്ല.
മുൻവർഷം ഓരോ സ്കൂളിലും വ്യത്യസ്ത കോമ്പിനേഷനുകളിൽ അവസാനം പ്രവേശനം ലഭിച്ച റാങ്കുകാരുടെ (കാറ്റഗറി തിരിച്ച്) ഗ്രേഡ് പോയിന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റിൽ ലഭ്യമാണ്. ഇത് പരിശോധിച്ചാൽ ഓരോ സ്കൂളിലുമുള്ള അഡ്മിഷൻ സാധ്യത മനസ്സിലാക്കാനും അതനുസരിച്ച് ഓപ്ഷനുകൾ ക്രമീകരിക്കാനും കഴിയും. സെപ്റ്റംബർ 3 വരെ https://hscap.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക