PLUS TWO PRACTICAL EXAM

കോവിഡ് രൂക്ഷ വ്യാപനത്തിനിടയിലും ഹയർ സെക്കണ്ടറി പ്രാക്ടിക്കൽ പരീക്ഷകൾ തുടങ്ങാൻ നീക്കം

കേരളത്തിൽ കോവിഡ് കേസുകൾ കുതിച്ചുയരുമ്പോഴും അപകടകരമായ രീതിയിൽ ഹയർ സെക്കണ്ടറി പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. രോഗികളുടെ എണ്ണവും  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഭീതിദമായി വർധിക്കുമ്പോഴാണ് യാതൊരു അടിയന്തിര സാഹചര്യവുമില്ലാത്ത പരീക്ഷാ നടത്തിപ്പുമായി വകുപ്പ് മുന്നോട്ടു പോവുന്നത്.  ഇലക്ഷനു മുമ്പ് കോവിഡ് കേസുകൾ നിയന്ത്രണത്തിലായിരുന്ന സമയത്ത് നടക്കേണ്ടിയിരുന്ന എസ് എസ് എൽ സി, പ്ലസ് ടു എഴുത്തുപരീക്ഷകൾ ഭരണപക്ഷ അധ്യാപക സംഘടനയുടെ അഭിപ്രായമെന്ന്  വ്യാഖ്യാനിച്ച് ഏപ്രിൽ മാസത്തിലേക്ക് മാറ്റുകയായിരുന്നു. തെരഞ്ഞെടുപ്പിനു ശേഷം കോവിഡ് രണ്ടാം തരംഗമുണ്ടാകുമെന്ന മുന്നറിയിപ്പ് വകവെക്കാതെയാണ് രാഷ്ട്രീയ ലക്ഷ്യത്തോടെ പരീക്ഷകൾ മാറ്റിയത്. സുരക്ഷാ മുൻകരുതലുകളുണ്ടെന്ന് അവകാശപ്പെടുമ്പോഴും നിലവിൽ പരീക്ഷയെഴുതുന്ന നിരവധി വിദ്യാർത്ഥികളും ഇലക്ഷൻ ജോലിക്കു ശേഷം പരീക്ഷാ ജോലി ചെയ്യുന്ന അധ്യാപകരും രോഗബാധിതരായിട്ടുണ്ട്. ഓരോ ദിവസവും കണ്ടെയ്ൻമെൻ്റ് സോണുകളും  കൂടുതൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തുമ്പോഴും പ്രാക്ടിക്കൽ പരീക്ഷകൾ പതിവു രീതിയിൽ തന്നെ തുടങ്ങാനുള്ള നീക്കം വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഏതാണ്ട് നാലു ലക്ഷത്തോളം വിദ്യാർത്ഥികളാണ് രണ്ടായിരത്തിലധികം പരീക്ഷാ കേന്ദ്രങ്ങളിലായി പ്രാക്ടിക്കൽ പരീക്ഷകൾക്ക് ഹാജരാവേണ്ടി വരിക. മിക്ക സ്കൂളുകളിലും ലാബ് സൗകര്യങ്ങളും ഉപകരണങ്ങളുടെ ലഭ്യതയും ഏറെ പരിമിതമാണ്. ഒരേ രാസവസ്തുക്കളും മൈക്രോസ്കോപ്പ് പോലുള്ള ഉപകരണങ്ങളും നിരവധി പേർ കൈകാര്യം ചെയ്യേണ്ടി വരുന്നത് അപകടകരമായ അവസ്ഥയുണ്ടാക്കും. കമ്പ്യൂട്ടറുകളും ലാപ്പ്ടോപ്പുകളും മറ്റു വിലപിടിപ്പുള്ള ലാബ് ഉപകരണങ്ങളും സാനിറ്റൈസ്  ചെയ്യുക സാധ്യമല്ലെന്നിരിക്കെ പ്രാക്ടിക്കൽ പരീക്ഷകൾ രോഗവ്യാപന ഉറവിടമായി മാറുമെന്ന് ഉറപ്പാണ്. ഇത്തവണ മാത്തമാറ്റിക്സ് വിഷയത്തിനു കൂടി കമ്പ്യൂട്ടർ അധിഷ്ഠിതമായ പ്രായോഗിക പരീക്ഷ ഉള്ളതിനാൽ മിക്ക സ്കൂളുകളിലും ലഭ്യമായ സൗകര്യങ്ങൾ കൂടുതൽ പേർ പങ്കിടേണ്ടി വരും. മിക്ക സർക്കാർ വിദ്യാലയങ്ങളിലും വകുപ്പ് അനുശാസിക്കുന്ന തരത്തിലുള്ള ലാബ് സൗകര്യങ്ങളില്ലാത്തതും സാമൂഹ്യ അകലം പാലിച്ചുള്ള പ്രാക്ടിക്കൽ പരീക്ഷ നടത്തുന്നതിന് വിഘാതമാവും. കെമിസ്ട്രി വിഷയത്തിൽ പരീക്ഷണങ്ങൾക്കായി വിദ്യാർത്ഥികൾ വായ് ഉപയോഗിച്ചു പോലും രാസവസ്തുക്കൾ പിപ്പെറ്റ് ചെയ്തെടുക്കണമെന്നിരിക്കെ നിലവിലെ അവസ്ഥയിൽ നടത്തുന്ന പ്രായോഗിക പരീക്ഷകൾ അസംബന്ധമാണെന്ന് ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ അഭിപ്രായപ്പെട്ടു.

എഴുത്തുപരീക്ഷകൾ സാമൂഹ്യ അകലം പാലിച്ച് നടത്തിത്തീർക്കുന്നതു പോലെ ലാബ് പരീക്ഷകൾ നടത്താനാവില്ല. എഴുത്തുപരീക്ഷക്കു ശേഷം ഉത്തരപേപ്പറുകൾ  ഒരാഴ്ചത്തെ ക്വാറന്റയിൻ പിരീഡ് കഴിഞ്ഞ് മാത്രം മൂല്യനിർണയം നടത്തുമ്പോൾ പ്രായോഗിക പരീക്ഷകൾ തീരുന്ന മുറക്ക് തന്നെ അതാത് ദിവസം ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം നടത്തി മാർക്കുകൾ അപ് ലോഡ് ചെയ്യണമെന്നതും ഈ സാഹചര്യത്തിൽ അപ്രായോഗികമാവും.  കോവിഡ് നിശ്ശബ്ദ വ്യാപന ഭീഷണി നിലനിൽക്കെ പരസ്പരം ഇടപഴകുന്ന തരത്തിൽ  പ്രായോഗിക പരീക്ഷകൾ നടത്തുന്നത്  ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ അപകടകരമായി ബാധിക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു. പ്ലസ് ടു വിദ്യാർത്ഥികൾ നിയന്ത്രിതമായി മാത്രം സംശയ ദൂരീകരണത്തിനായി മാത്രം സ്കൂളിലെത്തിയ സാഹചര്യത്തിൽ മതിയായ പ്രായോഗിക പഠനം നടത്താൻ കഴിഞ്ഞിട്ടില്ല. ആയതിനാൽ എല്ലാ വിഷയങ്ങളിലും പ്രാക്ടിക്കൽ സിലബസ് ഏറെ വെട്ടിക്കുറച്ച് പരീക്ഷണങ്ങളുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. അതു കൊണ്ടു തന്നെ മുൻവർഷങ്ങളിലേതുപോലുള്ള വിപുലമായ ലാബ് പരീക്ഷകൾ അപ്രസക്തമാണെന്ന് അധ്യാപകർ പറയുന്നു.

നിലവിലെ സാഹചര്യത്തിൽ പതിവു രീതിയിലുള്ള പ്രായോഗിക പരീക്ഷകൾ മാറ്റിവച്ചോ,  ഒഴിവാക്കിയോ ഉള്ള നടപടികളുണ്ടാവണം. പ്രത്യേക സാഹചര്യം പരിഗണിച്ച് സാമൂഹ്യ അകലം പാലിച്ചും, ഉപകരണങ്ങൾ ഏറെപ്പേർ പങ്കിടുന്നത് ഒഴിവാക്കിയും, നിരന്തര മൂല്യനിർണ്ണയ രീതിയിൽ അതാത് സ്കൂളുകൾ കേന്ദ്രീകരിച്ച്  ഇന്റെണൽ അസസ്മെൻറ് രൂപത്തിൽ പ്രാക്ടിക്കൽ സ്കോറുകൾ നൽകാവുന്ന തരത്തിൽ മേഖലയിലെ  അധ്യാപക സംഘടനകളുമായി ചർച്ച നടത്തി തീരുമാനങ്ങൾ കൈക്കൊള്ളാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാവണമെന്ന് എച്ച് എസ് എസ് ടി എ സംസ്ഥാന  ജനറൽ സെക്രട്ടറി അനിൽ എം ജോർജ്ജ് പ്രത്യേക നിവേദനത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു. എം സന്തോഷ് കുമാർ, ഡോ എസ് എൻ മഹേഷ് ബാബു , അയിര സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.

Author: hsstaplus

Recognized as per Order Number – GO (MS) 22/2011 P & ARD Dated 18/07/2011