
തിരുവനന്തപുരം : കൊറോണയുടെ രണ്ടാം അതിവ്യാപനത്തെ തുടർന്ന് ദേശീയ തലത്തിൽ പരീക്ഷകൾ മാറ്റുമ്പോഴും വിദ്യാർത്ഥികളുടെ ജീവൻ പന്താടി കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ്. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റില്ലെന്നും മുൻനിശ്ചയിച്ച പ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷകൾ നടക്കുന്നത്. ഈ പരീക്ഷ മാറ്റണമെന്ന ആവശ്യം ആരും വിദ്യാഭ്യാസ വകുപ്പിന് മുന്നിൽ വെച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി.
കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ വിവിധ സർവ്വകലാശാലകളിലെ പരീക്ഷകൾ ഗവർണർ നേരിട്ട് ഇടപെട്ട് മാറ്റിവച്ചിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പരീക്ഷകൾ മാറ്റി വെയ്ക്കാൻ സർവ്വകലാശാല വൈസ്ചാൻസലർമാർക്ക് ഗവർണ്ണർ നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. തിങ്കളാഴ്ച മുതൽ നടത്തേണ്ട ഓഫ് ലൈൻ പരീക്ഷകൾ മാറ്റാനാണ് വൈസ് ചാൻസലർമാർക്ക് ഗവർണർ നിർദ്ദേശം നൽകിയത്.
ഇതിനെ തുടർന്ന് മലയാള സർവ്വകലാശാല തിങ്കളാഴ്ച മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചു. പുതുക്കിയ തീയ്യതികൾ പിന്നീട് അറിയിക്കും. ആരോഗ്യ സർവകലാശാല എല്ലാ പരീക്ഷകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചതായും അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമാവുകയും കർശ്ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തപ്പോൾ പരീക്ഷ നടത്തുന്നതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് നടപടി.
SSLC/PLUS TWO പരീക്ഷാ നടത്തിപ്പ് : പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പത്രക്കുറിപ്പ് – തീയതി 19-04-2021
സംസ്ഥാനത്തെ എസ്.എസ്.എല്‍.സി/ഹയര്‍സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പൊതുപരീക്ഷകളുടെ നടത്തിപ്പിനോടനുബന്ധിച്ച് പാലിക്കപ്പെടേണ്ട കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ചീഫ് സൂപ്രണ്ടുമാര്‍ക്കും പരീക്ഷയ്ക്കുമുമ്പായി നല്‍കുകയും, നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് പരീക്ഷകള്‍ തുടര്‍ന്നു വരുകയും ചെയ്യുന്നു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്‍റെ ഭാഗമായി പരീക്ഷാ കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സാമൂഹിക അകലം പാലിച്ച് പരീക്ഷ പൂര്‍ത്തീകരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ കൈകൊണ്ടിട്ടുള്ളതാണ്. പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്ന അദ്ധ്യാപക – അനദ്ധ്യാപക ജീവനക്കാര്‍, നിശ്ചയമായും ട്രിപ്പിള്‍ ലെയര്‍ മാസ്ക് ഉപയോഗിക്കേണ്ടതാണെന്നും വിദ്യാര്‍ത്ഥികള്‍ കഴിയുന്നതും ട്രിപ്പിള്‍ ലെയര്‍ മാസ്ക് ഉപയോഗിക്കുന്നുണ്ടെന്നത് ചീഫ് സൂപ്രണ്ടുമാര്‍ ഉറപ്പുവരുത്തുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഐ.ആര്‍ തെര്‍മോമീറ്റര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ച് വിദ്യാര്‍ത്ഥികളെ സ്കൂള്‍ കോമ്പൗണ്ടിനുള്ളിലേയ്ക്ക് കടത്തുവാനും, ഇവര്‍ക്കായി സാനിറ്റൈസര്‍/സോപ്പ് എന്നിവയുടെ ലഭ്യത ഓരോ പരീക്ഷാ കേന്ദ്രത്തിലും ഉറപ്പുവരുത്തുവാനും ചീഫ് സൂപ്രണ്ടുമാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് കോവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ പ്രത്യേകമായി സ്വീകരിച്ച് മൂല്യനിര്‍ണ്ണയ ക്യാമ്പിലേയ്ക്ക് അയക്കുവാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥികള്‍, ക്വാറന്‍റൈനിലുള്ള വിദ്യാര്‍ത്ഥികള്‍, ശരീരോഷ്മാവ് കൂടിയവര്‍ എന്നിവര്‍ക്ക് പ്രത്യേകം പ്രത്യേകം ക്ലാസുകളില്‍ പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണങ്ങള്‍ സ്കൂള്‍ തലങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്. പരീക്ഷാ കേന്ദ്രത്തിലേയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചേരുവാനുള്ള ഗതാഗത സൗകര്യം ഉറപ്പുവരുത്തുവാന്‍ പ്രഥമാദ്ധ്യാപകര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഓരോ പരീക്ഷ കഴിയുമ്പോഴും പരീക്ഷാ ഹാളുകള്‍ സാനിറ്റൈസ് ചെയ്ത് അടുത്ത പരീക്ഷയ്ക്കായി ഹാളുകള്‍ സജ്ജീകരിക്കുവാന്‍ ആവശ്യമായ നടപടികള്‍ ചീഫ് സൂപ്രണ്ടുമാര്‍ കൈകൊണ്ടിട്ടുണ്ട്. ഓരോ വിദ്യാലയത്തിലും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് പരീക്ഷ അതീവ സുരക്ഷയോടുകൂടി നടപ്പിലാക്കുന്നതിന് വിദ്യാലയാടിസ്ഥാനത്തില്‍ മൈക്രോപ്ലാന്‍ രൂപീകരിച്ച് പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ടുപോകുന്നു. സംസ്ഥാനതലത്തിലും റവന്യൂ ജില്ലാ, വിദ്യാഭ്യാസ ജില്ലാതലത്തിലും രൂപീകരിച്ചിട്ടുള്ള വിദ്യാഭ്യാസ ഓഫീസര്‍മാരുടെ മോണിറ്ററിംഗ് ടീം ഓരോ വിദ്യാലയത്തിലും പരീക്ഷയോടനുബന്ധിച്ച് നടപ്പിലാക്കിയിട്ടുള്ള കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും ചീഫ് സൂപ്രണ്ടുമാര്‍ക്ക് നല്‍കി വരുന്നു. ഇതോടൊപ്പം ഓരോ പരീക്ഷാകേന്ദ്രത്തിലും കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണതോതില്‍ പാലിക്കപ്പെടുന്നതിന് ആരോഗ്യ പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും പി.ടി.എ/എസ്.എം.സി തുടങ്ങിയവയുടെയും പൂര്‍ണ്ണതോതിലുള്ള സാന്നിദ്ധ്യവും സഹകരണവും ലഭ്യമാകുന്നുണ്ട്.