സംസ്ഥാന തല നിയമനം നടക്കുന്ന ഹയർ സെക്കണ്ടറി മേഖലയിൽ കൂടുതൽ അധ്യാപകരും തെക്കൻ ജില്ലകളിൽ താമസമുള്ളവരാണ്. കാസർകോട് ജില്ല വരെയുള്ള സ്കൂളുകളിൽ പരീക്ഷാ നടത്തിപ്പിനുള്ള ചീഫ് , ഡെപ്യൂട്ടി ചീഫ് ചുമതലകളുള്ള നൂറുകണക്കിന് അധ്യാപകരാണ് യാത്രാ സൗകര്യമില്ലാത്തതിന്റെ പേരിൽ ബുദ്ധിമുട്ടിലായത്. ഇവർക്കായി പൊതുഗതാഗത സൗകര്യമൊരുക്കുമെന്ന തീരുമാനം നടപ്പാവാതെ വരികയും അധ്യാപകർ നിർബന്ധമായും ജോലിക്ക് ഹാജരാവണമെന്ന നിർദ്ദേശം വരികയും ചെയ്തതോടെയാണ് അധ്യാപക സംഘടന നേരിട്ട് യാത്രാസൗകര്യമൊരുക്കിയത്. രണ്ടു ബസുകളിലായി നിരവധി അധ്യാപകർ പരീക്ഷയുടെ തലേ ദിവസം തന്നെ അതാത് കേന്ദ്രങ്ങളിലേക്ക് സുരക്ഷിതരായി എത്തി. അധ്യാപകരെ അതത് കേന്ദ്രങ്ങളിലെത്തിക്കുന്നതിനും താമസ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും അതതു ജില്ലകളിലെ എച്ച് എസ് എസ് ടി എ ജില്ലാ കമ്മറ്റികൾ നേതൃത്വം നൽകി. പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായ നിർദ്ദേശങ്ങൾ സംഘടന സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ ഫലമായി അനുകൂല ഉത്തരവുകളിറങ്ങി. ജില്ലാന്തര യാത്രാ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ പരീക്ഷയുടെ ഇൻവിജിലേഷൻ ജോലികൾ അധ്യാപകർക്ക് തങ്ങളുടെ ജില്ലകളിൽ നിർവ്വഹിക്കാൻ കഴിയുന്ന തരത്തിൽ ക്രമീകരണങ്ങൾ ചെയ്യണമെന്നും സംഘടന സർക്കാറിനോടാവശ്യപ്പെട്ടിരുന്നു. എന്നാൽ അത്തരം ക്രമീകരണങ്ങൾ വരുത്താത്ത സാഹചര്യത്തിൽ, കോവിഡ് ലോക്ക് ഡൗൺ കാരണം പരീക്ഷാ ജോലിക്ക് ഒരു തരത്തിലും എത്തിപ്പെടാൻ കഴിയാത്തവർക്ക് അർഹമായ പരിഗണന നൽകണമെന്ന് സംഘടന സർക്കാറിനോടാവശ്യപ്പെട്ടു.
അധ്യാപകരുടെ യാത്രാ സൗകര്യവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾക്ക് എച്ച് എസ് ടി എ സംസ്ഥാന ഭാരവാഹികളായ ആർ രാജീവൻ, അനിൽ എം ജോർജ്, എം സന്തോഷ് കുമാർ, തോമസ് സ്റ്റീഫൻ, കെ ആർ മണികണ്ഠൻ, ടി എസ് ഡാനിഷ്, എം റിയാസ്, പി കെ പ്രദീപ് കുമാർ, സി ദീപക്, അബ്ദുൾ ലത്തീഫ്, പി കെ രാജരാജൻ എന്നിവർ നേതൃത്വം നൽകി.