
എച്ച് എസ് എസ് റ്റി എ 29-ാം സംസ്ഥാന സമ്മേളനം എല്ലാ അർത്ഥത്തിലും ശ്രദ്ധേയമായിരുന്നു. വിദ്യാഭ്യാസ രംഗത്ത് കാലഘട്ടം ആവശ്യപ്പെടുന്ന കാര്യങ്ങൾ ചർച്ച ചെയ്ത് അഭിപ്രായസമന്വയം വരുത്തുന്നതിലൂടെ നമ്മുടെ സംഘടന കൂടുതൽ പ്രസക്തമാവുകയാണ്. രാഷ്ട്രീയ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം സമ്മേളനത്തെ കൂടുതൽ ജൈവികമാക്കി. വിദ്യാഭ്യാസ മേഖലയുടെ പുരോഗതിയിലേക്ക് ഉന്മുഖമാകുന്ന നിർദ്ദേശങ്ങളും അതിനനുഗുണമാകുന്ന പ്രവർത്തനങ്ങളും കാഴ്ച വയ്ക്കുന്നതിലൂടെ അധ്യാപകരിലേക്ക് കൂടുതലാഴത്തിലേക്ക് സംഘടനയുടെ വേരുകൾ പടരുന്നു എന്നതിന് ഈ സമ്മേളനം നേർസാക്ഷ്യമായിരുന്നു. മേഖലയെ മുന്നോട്ട് ചലിപ്പിക്കുന്നതിനൊപ്പം വേണ്ട തിരുത്തലുകൾ ചൂണ്ടിക്കാണിക്കുകയും ചെയ്ത് പൊതുവിദ്യാഭ്യാസത്തെ സംരക്ഷിച്ചു നിർത്തുന്നതിൽ ഹയർ സെക്കന്‍ഡറി അധ്യാപകരുടെ പങ്ക് രേഖപ്പെടുത്തുക കൂടിയായിരുന്നു ഈ സമ്മേളനം.
അധ്യാപകരുടെ വർദ്ധിതമായ പ്രാതിനിധ്യം എച്ച് എസ് എസ് റ്റി എ യുടെ ശക്തിക്ക് ഒരിക്കൽ കൂടി അടിവരയിടുകയും ചെയ്തു. ഏത് കോണിൽ നിന്ന് നോക്കിയാലും സമ്മേളനത്തെ പ്രൌഢമാക്കി നിർത്തിയ ആസുത്രണമികവ് എച്ച് എസ് എസ് റ്റി എ സംഘടനാ നേതൃത്വം സമർത്ഥമായ കൈകളിലെന്നതിന്റെ സൂചകമാവുന്നുണ്ട്.
ഈയൊരു ഗംഭീരത ഉറപ്പു വരുത്തിയ കോഴിക്കോട് ജില്ലാ കമ്മിറ്റിയേയും അംഗങ്ങളേയും എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. ടീം വർക്കിന്റെ വിജയമായി, ഒരു പരിവർത്തനത്തിന്റെ വസന്തമായി ഈ സമ്മേളനം നമ്മുടെ സംഘടനാചരിത്രത്തിൽ എന്നുമുണ്ടാകും.